സര്‍ക്കാര്‍ എന്നും ഇരയ്ക്കൊപ്പം തന്നെയാണെന്ന് മന്ത്രി ഇ പി ജയരാജന്

കണ്ണൂര്‍: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്ക്കൊപ്പം തന്നെയാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന് പറഞ്ഞു.ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റെത് ശരിയായ നിലപാടാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാറിന്റെ ഭാഗമായുണ്ടാകില്ല. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത് വ്യക്തമായതുമാണ്. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവ് ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്.
അതിനാവശ്യമായ സമയം പൊലീസ് എടുത്തിട്ടുണ്ട്. ബിഷപ്പിന്റെ കാര്യത്തില്‍ ശരിയായ നടപടിയാണ് എടുത്തത്. വേട്ടക്കാരെ സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ല.ഏത് പ്രശ്നങ്ങളിലും സര്‍ക്കാരിന്റേത് ശരിയായ നിലപാടാണെന്നതാണ് ബിഷപ്പിന്റെ അറസ്റ്റും വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളോടൊപ്പമാണ്. വേട്ടയാടപ്പെടുന്ന ഇരയോടൊപ്പമാണ് സര്‍ക്കാരെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഏത് സാഹചര്യങ്ങളെയും ദുരുപയോഗപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുക്കണമെന്നാണ് കോടിയേരി ബാലകൃഷണന് സൂചിപ്പിച്ചത്. അദ്ദേഹം പറഞ്ഞതില്‍ അവ്യക്തതയില്ല. വസ്തുതയില്ലാതെ പറയുന്ന ആളല്ല അദ്ദേഹമെന്നും മന്ത്രി ഇ പി പറഞ്ഞു. ഒരു ബിഷപ്പുമായും കൂടിയാലോചനക്ക് സമയം നിശ്ചയിച്ചിരുന്നില്ലെന്നും കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി ഇ പി പറഞ്ഞു.

