വേളത്ത് വീണ്ടും സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം

വേളം: ഒരാഴ്ചയ്ക്കുശേഷം ചേരാപുരം മേഖലയില്‍ വീണ്ടും സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. ശനിയാഴ്ച രാത്രി സി.പി.എം. ചേരാപുരം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തീക്കുനി അങ്ങാടിയിലെ സുന്ദരയ്യാ മന്ദിരത്തിലും കൊയ്യൂറ കുന്നിലെ എ. കണാരന് സ്മാരകസ്തൂപത്തിലും കരിഓയില്‍ ഒഴിച്ചു. ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്.
സി.പി.എം. കാക്കുനി ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്ന കേളുവേട്ടന് സ്മാരകമന്ദിരം ദിവസങ്ങള്‍ക്കുമുമ്ബാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. കാക്കുനിയിലും ചാലില്‍ പാറയിലും മുസ്ലിംലീഗിന്റെ കൊടികള്‍ കത്തിച്ച സംഭവവും പ്രചാരണസാമഗ്രികള്‍ നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ചേരാപുരം പ്രദേശത്ത് നിരന്തരമായി സി.പി.എം. ഓഫീസുകള്‍, രക്തസാക്ഷി സ്തൂപങ്ങള്‍, പ്രചാരണസാമഗ്രികള്‍ എന്നിവ ഇരുട്ടിന്റെമറവില്‍ നശിപ്പിക്കപ്പെടുന്നതില്‍ സി.പി.എം. ചേരാപുരം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

വ്യാപകമായ തോതില്‍ ഇത്തരം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ സമാധാന തത്പരരായ മുഴുവന്‍ ആളുകളും പ്രതികരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച സി.പി.എം. നേതാക്കളായ കെ.കെ. ലതിക, കെ.കെ. ദിനേശന്, കെ.കെ. സുരേഷ്, ടി.വി. മനോജന് എന്നിവര്‍ ആവശ്യപ്പെട്ടു.

