വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാര്‍ക്ക് കൈത്താങ്ങായി മുംബൈ മലയാളികളും

മുംബൈ : വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാര്‍ക്ക് കൈത്താങ്ങായാണ് മുംബൈയില്‍ നിന്നും കേരളീയ കേന്ദ്രസംഘടനയുടെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നത്.
കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്തും ജില്ലാ കളക്ടര്‍ സുഹാസ്, കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഷീലാ സജീവ്, കാവാലം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നീനമോള്‍, ജില്ലാ ആരോഗ്യ കര്‍മപദ്ധതി മാനേജര്‍ ഡോ. അനസ് സാലിഹ് എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുമാണ് സഹായമെത്തിക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്.

കേരള സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ഇവരെ സംരക്ഷിക്കുന്നുണ്ടെങ്കിലും മുംബൈ മലയാളികളുടെ സഹായം ദുരിതാശ്വാസ ക്യാമ്ബുകളെ വിസ്മയിപ്പിച്ചു. ദുരിതാശ്വാസ സഹായവുമായുള്ള ഫാമിലി കിറ്റുകളുടെ വിതരണം റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ കുട്ടനാട്ടിലെ സാമൂഹികപ്രവര്‍ത്തകയായ ദീപ്തി അജയകുമാറിന് നല്‍കിക്കൊണ്ടാണ് നിര്‍വഹിച്ചത്.

മുംബൈയില്‍ നിന്നും മാത്യു തോമസ്, ശ്രീകാന്ത് നായര്‍, പി പി അശോകന്‍ തുടങ്ങിയവരാണ് കുട്ടനാട്ടിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പകര്‍ച്ചവ്യാധി ഭീഷണിയും സാമ്ബത്തിക അരക്ഷിതാവസ്ഥയുമാണ് കുട്ടനാട് നേരിടുന്ന വലിയ വെല്ലുവിളിയെന്നു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പ്രദേശത്തെത്തിയ കേരളീയ കേന്ദ്ര സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

വീടിനകത്തും റോഡുകളിലും ഒരാള്‍പ്പൊക്കത്തിലേറെ വെള്ളത്തില്‍ കഴിയുന്നവര്‍ക്ക് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജനങ്ങളിലേറെയും വീടും മറ്റുമുപേക്ഷിച്ചു ദുരിശ്വാസ ക്യാമ്ബുകളിലാണ്.
ചിലരെല്ലാം ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നാണ് കുട്ടനാട്ടുകാര്‍
മരിക്കുന്നവരെ സംസ്‌കരിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിക്കേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍. മഴ ശമിച്ചെങ്കിലും ഇവരുടെ ദുരിതമൊഴിയാന്‍ ഇനിയും നാളുകളെടുക്കുമെന്നാണ് കണക്കാക്കുന്നത്.
വെള്ളക്കെട്ട് രൂക്ഷമായതോടെ പകര്‍ച്ചവ്യാധികളും പടരുകയാണ്. കുട്ടനാട്ടിലെ രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു. പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. വീടുകള്‍ പലതും പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു.
കേരളീയ കേന്ദ്ര സംഘടനയുടെ പ്രതിനിധി സംഘം കൈനകരി പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള ആറ് ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചു.
വെള്ളക്കെട്ടുകളുടെ നടുവില്‍ അല്‍പ്പം ഉയര്‍ന്ന മണ്‍തിട്ടകളിലും നടപ്പാലങ്ങളുടെ മുകളിലും ഭക്ഷണം പാകം ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഈ കേന്ദ്രങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രദേശത്തെ കൈനകരി, കാവാലം എന്നീ പഞ്ചായത്തുകളിലായി 1000 കിറ്റുകള്‍ വീതം വിതരണം നടത്താനാണ് പ്രാഥമിക പദ്ധതി. ഈ രണ്ടു പഞ്ചായത്തുകളിലെയും പ്രസിസന്റുമാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാമിലി കിറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 2000 കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി മാത്രം പത്ത് ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തോടെ സഹായമെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
