വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം: ശനിയാഴ്ച കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ മാർച്ച്
കൊയിലാണ്ടി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ആഷീക് ബഷീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അത്തോളി പോലീസിനെതിരെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും നടപടിയെടുക്കാത്തതില്‍ നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
ഇക്കാര്യമുന്നയിച്ച് മാര്‍ച്ച് നാലിന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. ഋഷികേശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്ലസ്ടു മോഡല്‍ പരിക്ഷയ്‌ക്കെത്തിയ ആഷിക് ബഷീറിനെ അകാരണമായാണ് അത്തോളി പോലീസ് കസ്റ്റഡിയില്‍ എടുത്ത് പോലീസ് ജീപ്പിലും ലോക്കപ്പിലുമായി ക്രൂരമായി മര്‍ദിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മൗനാനുവാദത്തോടെയാണ് വീദ്യാര്‍ഥിയെ പോലീസ് പീഡിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. മര്‍ദനത്തെക്കുറിച്ച് പരാതി ഉണ്ടായിട്ടും എഫ്.ഐ.ആര്‍. പോലും രജിസ്റ്റര്‍ ചെയ്യാത്ത നടപടിയെ കുറിച്ച് അന്വേഷണം നടത്തണം.

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഡി.സി.സി. സെക്രട്ടറി എം.കെ. അബ്ദുള്‍ സമദ്, ടി.ഗണേഷ് ബാബു, സതീഷ് കന്നൂര് എന്നിവരും പങ്കെടുത്തു.

