വിദ്യാര്‍ഥികളുടെ തത്സമയ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്കുന്ന മൊബൈല്‍ ആപ്പിന് തുടക്കമായി

ബാലുശേരി: ഹാജറും പരീക്ഷാ ഫലങ്ങളും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ തത്സമയ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്കുന്ന മൊബൈല്‍ ആപ്പിന് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് വിജയോത്സവം 2017 എന്ന പേരില്‍ മൊബൈല്‍ ആപ് പുറത്തിറക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ബാലുശ്ശേരി ഗേള്‍സ്, നരിക്കുനി, മാവൂര്‍, കുറ്റ്യാടി, ഓര്‍ക്കാട്ടേരി എന്നീ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പാറന്നൂര്‍ ജി.എം.എല്‍.പി സ്കൂളിലുമാണ് മാതൃകാ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിടുന്നത്. കുട്ടികളുടെ ദൈനംദിന ഹാജര്‍, പരീക്ഷാഫലങ്ങള്‍, ക്ളാസ് റൂം വിശേഷങ്ങള്‍, കൂടാതെ പഠനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശങ്ങള്‍ എന്നിവ രക്ഷാകര്‍ത്താവിനും ക്ളാസ്സ് അദ്ധ്യാപകനും പരസ്പരം പങ്കുവെക്കുന്നതിന് മൊബൈല്‍ ആപ് വഴി സാധിക്കും.

ബാലുശേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്ബിലാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, സെക്രട്ടറി ഫിലിപ്, ഡയറ്റ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്, ജാഫര്‍ രാരോത്ത്, യു.കെ അബ്ദുല്‍ നാസര്‍, റീജ കണ്ടോത്ത് കുഴിയില്‍, ടി.പി ഇസ്മായില്‍ കുട്ടി, എം. രഘുനാഥന്, അജിത പി. മാധവന് എന്നിവര്‍ സംസാരിച്ചു.

