വിജയ, ദേനാ ബാങ്കുകള്‍ ഇനി ബാങ്ക് ഓഫ് ബറോഡ
കൊച്ചി: വിജയ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും ലയനം പ്രാബല്യത്തില്‍ വന്നു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. രാജ്യത്ത് ആദ്യമായാണ് മൂന്നു ബാങ്കുകള്‍ ലയിക്കുന്നത്.
ഇതോടെ രാജ്യത്ത് ബാങ്ക് ഓഫ് ബറോഡയ്ക്ക് 9,500 ലധികം ശാഖകളും 13,400 എടിഎമ്മുകളുമുണ്ടാകും. 15 ലക്ഷം കോടിയിലധികമാണ് മൊത്തം ബിസിനസ്. ലയനം സംബന്ധിച്ച് മാര്‍ച്ച് 30നാണ് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജയ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും എല്ലാ ശാഖകളും ഏപ്രില്‍ ഒന്നുമുതല്‍ ബാങ്ക് ഓഫ് ബറോഡ ശാഖകളായി. ഇടപാടുകാരെ ബാങ്ക് ഓഫ് ബറോഡയുടെ ഇടപാടുകാരായാണ് പരിഗണിക്കുകയെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




