വയനാട് തൊണ്ടര്‍നാട്ടില്‍ അധികൃതര്‍ ലൈസന്‍സ് റദ്ദാക്കിയ ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം

കല്‍പ്പറ്റ: ശക്തമായ മണ്ണിടിച്ചല്‍ ഉണ്ടായ വയനാട് തൊണ്ടര്‍നാട്ടില്‍ അധികൃതര്‍ ലൈസന്‍സ് റദ്ദാക്കിയ ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം. നടപടിക്കെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി സമ്ബാദിച്ചത്. ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
ഉരുള്‍പൊട്ടലിനു സമാനമായ രീതിയില്‍ മണ്ണിടിച്ചയുണ്ടായതിനെ തുടര്‍ന്നാണ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ട തൊണ്ടര്‍നാട് വില്ലേജിലാണ് ക്വാറിയും ക്രഷറും പ്രവര്‍ത്തിച്ചിരുന്നത്. മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ സമിതി പരിശോധകള്‍ നടത്തി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. പഞ്ചായത്ത് നടപടിക്കെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു. ഖനനത്തിന്റെ ആഘാതങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ ഉരുള്‍പൊട്ടലോ കോടതി പരിഗണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ലൈസന്‍സ് ലഭിച്ചതോടെ മണ്ണ് നീക്കം ചെയ്യാനും മണ്ണിനടിയില്‍ കുടുങ്ങിയ ടിപ്പറുകള്‍ പുറത്തെടുക്കാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങി. എന്നാല്‍ മണ്ണിടിച്ചല്‍ ഉണ്ടായ കുന്നിന് മുകളിലും ക്രഷറിന്റെ സമീപത്തും വിണ്ടും മണ്ണിടിച്ചല്‍ ഉണ്ടായിട്ടുണ്ട്. ഖനനത്തിന് അനുമതി കൊടുക്കുകയാണെങ്കില്‍ തലപ്പുഴയില്‍ നടന്നതു പോലെ കുന്നുകള്‍ ഇടിഞ്ഞ് മനുഷ്യജീവനു തന്നെ അപകടമാവുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ക്വാറിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നു.

