വടകര ദേശീയപാതയിലെ അപകടം; മരിച്ച മൂന്നുപേരും കൊയിലാണ്ടി സ്വദേശികള്‍

വടകര: ദേശീയപാതയില്‍ ശനിയാഴ്ച രാത്രി കൈനാട്ടി കെ.ടി. ബസാറിനു സമീപം കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരും കൊയിലാണ്ടി സ്വദേശികള്‍. മുത്താമ്പി നടേരിക്കടവ് റോഡില്‍ കുറ്റിയാടി നിലംകുനി ശ്രീജിത്ത് (20), കൊയിലാണ്ടിയിലെ വലിയകുറ്റിനിലം വീട്ടില്‍ അനന്തു (21), പന്തലായനി നെല്ലിക്കോട്ടു കുന്നുമ്മല്‍ സാബിര്‍ ഷാ (19) എന്നിവരാണ് മരിച്ചത്.
നാദാപുരത്ത് കല്യാണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു മൂവരും. ശ്രീജിത്തിന്റേതാണ് ബൈക്ക്. ആര്.സി. ഉടമയായ ശ്രീജിത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞത്. രാവിലെ മൂന്നാമത്തെ ആളെയും തിരിച്ചറിഞ്ഞു.

ശനിയാഴ്ച രാത്രി പത്തരയോടെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടത്. മൂവരും ബസിനടിയില്‍ പെട്ടു. രണ്ടു പേര് സ്ഥലത്തു തന്നെ മരിച്ചു. ഒരാള്‍ വടകര ആശ ആശു
പത്രിയിലാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൂന്നു പേരുടെയും മൃതദേഹം ഞായറാഴ്ച ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോയി.

കുറ്റിയാടി നിലംകുനി വിജയന്റെയും ശ്രീജയുടെയും മകനാണ് ശ്രീജിത്ത്. സഹോദരി: അശ്വതി. അനന്തുവിന്റെ അച്ഛന്: ബാലകൃഷ്ണന്. അമ്മ: റീന. സഹോദരന്: ആദിത്യന്. കൊയിലാണ്ടി ആര്‍ട്സ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സാബിര്‍ ഷാ. പിതാവ്: സഫൂര്‍. മാതാവ്: സാഹിദ. സഹോദരങ്ങള്‍: റഹ്ന, സഹന നവാസ്.

