KOYILANDY DIARY.COM

The Perfect News Portal

റിലീസിനു മുന്‍പേ കസബ വാരിക്കൂട്ടിയത് റെക്കോര്‍ഡുകള്‍

വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ. ചിത്രം റിലീസിന് മുന്‍പ് തന്നെ റെക്കോഡുകള്‍ വാരിക്കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച പുറത്തിറങ്ങിയ കസബയുടെ ടീസര്‍ 99 മണിക്കൂറുകള്‍ കൊണ്ട് പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ആദ്യ ദിവസത്തില്‍ തന്നെ അഞ്ച് ലക്ഷത്തോളം ആളുകള്‍ ടീസര്‍ കണ്ടിരുന്നു. ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം പേര്‍ കണ്ട മലയാള സിനിമാ ടീസറാണ് ഇപ്പോള്‍ കസബ. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനായിരുന്നു യൂ ട്യൂബില്‍ പത്ത് ലക്ഷം പേര്‍ കണ്ട ടീസര്‍. എന്നാല്‍, ഒരു മാസം കൊണ്ടാണ് പുലിമുരുകന് പത്ത് ലക്ഷം വ്യൂസ് കിട്ടിയത്. ഇതാണ് കസബ ഇപ്പോള്‍ 99 മണിക്കൂര്‍ കൊണ്ട് പിന്നിട്ടിരിക്കുന്നത്.

രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കസബ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംസാര വിഷയമായിരുന്നു. നിലവില്‍ മലയാള സിനിമയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ടീസറാണ് കസബയുടേത്. ഇത് കൂടാതെ യൂട്യൂബ് ഇന്ത്യയുടെ പോപ്പുലര്‍ വീഡിയോസ് വിഭാഗത്തിലും ട്രെന്‍ഡിങ്ങ് വിഭാഗത്തിലും കസബ ഇടം നേടിയിട്ടുണ്ട്.

Advertisements

മമ്മൂട്ടിയുടെ പെരുന്നാള്‍ റിലീസായാണ് കസബ തിയേറ്ററുകളില്‍ എത്തുന്നത്. തമിഴ് നടന്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സമ്ബത്ത് രാജ്, സിദ്ധിഖ്, മക്ബൂല്‍ സല്‍മാന്‍, ജഗദീഷ്, നേഹാ സക്സേന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രം ജൂലായ് ഏഴിന് ആന്റോ ജോസഫ് ഫിലിം കമ്ബനി തീയേറ്ററുകളില്‍ എത്തിക്കും

Share news