രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍ക്കണം; സിപിഎമ്മിന് ബിജെപിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപകമാക്കുന്നതിനിടെ സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. ഇന്ത്യയും രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണെന്ന കാര്യം സിപിഎം മറക്കരുതെന്ന പറഞ്ഞ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേരളത്തിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎമ്മിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും കേരളത്തില്‍ സിപിഎം നടത്തി വരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം പാര്‍ലമെന്റിലും നിയമസഭയിലും ഒപ്പം തെരുവിലിറങ്ങിയും സിപിഎമ്മിനെ നേരിടും.
ഭരണത്തിന്റെ മറവില്‍ കേരളത്തില്‍ അക്രമം അഴിച്ചു വിടാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം പിന്മാറണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍കുമ്മനം രാജശേഖരനും പറഞ്ഞു. അധികാരം കിട്ടിയതോടെ സിപിഎം പ്രവര്‍ത്തകര്‍ കേരളത്തില്‍ അഴിഞ്ഞാട്ടം തുടങ്ങിയെന്ന് പറഞ്ഞ കുമ്മനം ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായിയുടെ പദ്ധതിയെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നും മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ കണ്ണൂരില്‍ ഒരു സിപിഎം പ്രവര്‍ത്തകനും തൃശ്ശൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.

