രാജ്യം അടിയന്തിരാവസ്ഥയെക്കാൾ ഭീകരമായ സാഹചര്യത്തിൽ: കെ. ലോഹ്യ
ബാലുശ്ശേരി: രാജ്യം അടിയന്തിരാവസ്ഥയെക്കാൾ ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജനതാദൾ എസ്. ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ നാല്പത്തി ആറാം വാർഷികത്തോടനുബന്ധിച്ച് അടിയന്തിരാവസ്ഥ വിരുദ്ധ ദിനം ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ച് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിലും ലക്ഷദ്വീപിലും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിതുകളും പിന്നോക്ക സമുദായക്കാരും വരേണ്യ വർഗ്ഗത്തിൻറെ കരാള ഹസ്തങ്ങൾക്ക് അടിമപ്പെടുന്നു.

നാം പോരാടി നേടിയ സ്വാതന്ത്ര്യം മറ്റൊരു വിധത്തിൽ കൈക്കലാക്കാൻ പൗരത്വ നിയമവും എൻ.ആർ.സിയും തലക്കു മുകളിൽ തൂങ്ങിക്കിടക്കുകയാണെന്നും ലോഹ്യ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ അടിയന്തിരാവസ്ഥ ക്കെതിരായ ജനാധിപത്യ ശക്തികളുടെ പോരാട്ട വിജയം തന്ന ആത്മ വിശ്വാസത്തോടെ ആധുനിക ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ ചെറുത്തു തോല്പിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും ഒന്നിച്ചണിചേരുക എന്ന പ്രമേയം യോഗം പാസ്സാക്കി. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.കരുണാകരൻ, നിജീഷ് നാറാത്ത്, സജീ പൂനത്ത്. ടി.കെ. രതീഷ്കുമാർ, അരുൺ നമ്പ്യാട്ടിൽ, രതീഷ് കുമാർ ഗൺ ഹൗസ്, ടി.ആർ. ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.


