യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ കൊയിലാണ്ടി കടലോരത്ത് വോട്ടുതേടിയെത്തിയപ്പോൾ

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ കൊയിലാണ്ടി കടലോരത്ത് വോട്ടുതേടിയെത്തിയപ്പോൾ എങ്ങും ആവേശത്തിരയിളക്കം. ഹാർബറിലെത്തി മത്സ്യത്തൊഴിലാളികളോടും മത്സ്യം
വാങ്ങാനെത്തിയവരോടുമൊക്കെ വോട്ടഭ്യർഥിച്ചാണ് മുരളീധരൻ മടങ്ങിയത്.
ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പണിത്തിരക്കിനിടയിലാണ് അദ്ദേഹമെത്തിയത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ സ്ഥാനാർഥിക്ക് കൈകൊടുക്കാൻ ഓടിയെത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കിണറ്റിൻകര രാജൻ, എം.വി. ബാബു, യു.കെ. രാജൻ, യു. രാജീവൻ, വി.പി. ഇബ്രാഹിംകുട്ടി, മഠത്തിൽ അബ്ദുറഹിമാൻ, രാജേഷ് കീഴരിയൂർ, ഹുസ്സൈൻ ബാഫഖി തങ്ങൾ, എ. അസീസ്, കെ.എം. നജീബ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. തുടർന്ന് കൊയിലാണ്ടി മാർക്കറ്റ്, ബസ് സ്റ്റാൻഡ്, കോടതി, ആശുപത്രി, കൊയിലാണ്ടി ഗേൾസ്, ബദരിയ്യ വനിതാ കോളേജ്, നെസ്റ്റ് പാലിയേറ്റീവ് സൊസൈറ്റി, ഖൽഫാൻ സ്കൂൾ, വലിയകത്ത് പള്ളി എന്നിവിടങ്ങളിലും മുരളീധരൻ എത്തി. കുറുവങ്ങാട് നടന്ന കുടുംബസംഗമത്തിലും സ്ഥാനാർഥി സംസാരിച്ചു.

മോദിഭരണത്തിന്റെ ദുരന്തമനുഭവിച്ചവർ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് കെ. മുരളീധരൻ പറഞ്ഞു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധിയിൽ വിവാഹംപോലും മുടങ്ങിയ കുടുംബങ്ങളുണ്ട്. വൻകിടക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന മോദി പാവപ്പെട്ടവരെയും കർഷകരെയും തൊഴിലാളികളെയും മറന്നാണ് ഭരിച്ചത്. അക്രമരാഷ്ട്രീയത്തിനെതിരേ തിരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ശ്രീജാറാണി അധ്യക്ഷത വഹിച്ചു. മുചുകുന്ന് ഹിൽബസാറിൽ നടന്ന കുടുംബസംഗമത്തിലും പങ്കെടുത്തു.

