യുവതിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവം: പ്രതി അറസ്റ്റില്‍
അടിമാലി: യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെടുംകണ്ടം, തച്ചടി കേട്ടയില്‍ ബിപിന്‍ (33)ആണ് അറസ്റ്റിലായത്. അടിമാലി ടൗണിനു സമീപം പക്കായിപ്പടിയില് 12 വയസ്സുള്ള മകനുമായി താമസിക്കുന്ന കീരിത്തോട് കണ്ടത്തില്‍ സോഫിയയുടെ (നിഷ,34) വീട്ടില്‍ വെളളിയാഴ്ച രാത്രി 7 മണിയോടെ നിഷയുടെ സുഹൃത്തായ ബിപിന്‍ എത്തി. നിഷ വാതില്‍ തുറക്കാതെയിരുന്നതിനെ തുടര്‍ന്ന് വീടിന്റെ ഗ്ലാസ് ജനല്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. നിഷ അടിമാലി പൊലീസില്‍ ഫോണില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് എത്തി. ഇരുവരും സുഹൃത്തുക്കളാണെന്ന് പറഞ്ഞതിനാല്‍ ബിപിനോട് വീട്ടില്‍ നിന്നും പോകാന്‍ ആവശ്യപ്പെടുകയും ബിപിന്‍ പോവുകയും ചെയ്തു.
എന്നാല്‍ നിഷയുടെ വീടിന് സമീപം ഒളിച്ചിരുന്ന ബിപിന്‍ പുലര്‍ച്ചെ രണ്ട് മണിയോടെ നിഷയുടെ വീട്ടില്‍ എത്തി അതിക്രമിച്ച് കയറുകയും നിഷയുടെ കഴുത്തിന് വെട്ടി പരിക്കേല്പ്പി ക്കുകയുമായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ നിഷയെ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിമാലി താലൂക്ക് ആശുപത്രി പരിസരത്തു നിന്നും അടിമാലി സി.ഐ അനില്‍ ജോര്‍ജ്ജും സംഘവും ബിപിനെ കസ്റ്റഡിയില്‍ എടുത്തു. ബിപിന്‍ ഭാര്യയും മക്കളുമുണ്ട്. നിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

