യുവതിയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍. വാളാട് പ്രശാന്തഗിരി മഠത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയാണ് (35) മരിച്ചത്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന അയല്‍വാസിയും ബൈജുവിന്റെ അടുത്ത ബന്ധുവുമായ നെടുമല ദേവസ്യയെ (50) തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. സിനിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഭക്ഷണ അവശിഷ്ടങ്ങളും പാത്രങ്ങളും വീട്ടിലെ മുറിയില്‍ ചിതറിത്തെറിച്ച നിയിലായിരുന്നു. തൊഴിലുറപ്പ് ജോലിയ്ക്കിടയില്‍ രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയതായിരുന്നു സിനി. പിന്നീട് തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് തൊഴിലുറപ്പ് മേറ്റിന്റെ നിര്‍ദേശപ്രകാരം 10.45-ഓടെ രണ്ടു സ്ത്രീകള്‍ വീട്ടിലെത്തിയപ്പോഴാണ് സിനിയെ വീടിനുള്ളില്‍ വെട്ടേറ്റ് വീണ നിലയില്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ തലപ്പുഴ പോലീസും പ്രദേശവാസികളും ചേര്‍ന്ന് സിനിയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ദേവസ്യയും മരിച്ച സിനിയും തിങ്കളാഴ്ച ഒരേ സ്ഥലത്താണ് തൊഴിലുറപ്പ് ജോലി ചെയ്തത്. ദേവസ്യയുടെ സഹോദരിയുടെ മകനാണ് സിനിയുടെ ഭര്‍ത്താവ് ബൈജു. ഷീറ്റിട്ട ചെറിയ ഒറ്റമുറി വീട്ടിലാണ് ബൈജുവും കുടുംബവും താമസിച്ചിരുന്നത്. അയല്‍ക്കാരായ ദേവസ്യയും ബൈജുവും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനിന്നിരുന്നു. തലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് കേസും നിലവിലുണ്ട്. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ബൈജു ജോലിക്കു പോയതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല.

മാനന്തവാടി സി.ഐ.പി. കെ. മണി, തലപ്പുഴ എസ്.ഐ. ടി.ജെ. ജിമ്മി, തൊണ്ടര്‍നാട് എസ്.ഐ. കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മക്കള്‍. അലന് (വിദ്യാര്‍ഥി, എടത്തന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അലോണ (വിദ്യാര്‍ഥി, യവനാര്‍കുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍).
