യുഡിഎഫ് വന്നാല്‍ ലൈഫ് മിഷന് പിടിച്ചു വിടുമെന്ന എം.എം ഹസന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് അടക്കമുള്ള പദ്ധതികള്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു. സംസ്ഥാന സര്‍ക്കാരിൻ്റെ സില്‍വാര്‍ലൈന്‍ പദ്ധതി യു ഡി എഫ് വന്നാല്‍ ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതികരിച്ചുകൊണ്ട് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ‘ജനം ഇതെല്ലാം കേള്‍ക്കുന്നുണ്ട്. ഈ നാട് ഇതെല്ലാം കാണുന്നുമുണ്ട്’-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
എ.എ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

“യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പിരിച്ചു വിടും”. അല്പം മുന്‍പ് യു ഡി എഫ് കണ്‍വീനവര്‍ ശ്രീ എം എം ഹസന് നടത്തിയ പ്രഖ്യാപനമാണ്. ലൈഫ് പദ്ധതി പ്രകാരം രണ്ടര ലക്ഷം പേര്‍ക്ക് സ്വന്തമായി വീട് വച്ചു നല്കി. വീടില്ലാത്ത, ഭൂമിയില്ലാത്ത മുഴുവന്‍പേര്‍ക്കും വീട് വച്ചു നല്കുന്ന കേരളത്തിൻ്റെ സ്വന്തം പദ്ധതി ഉപേക്ഷിക്കുമത്രേ!!.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് മറ്റൊരു പ്രഖ്യാപനം നടത്തി. സംസ്ഥാന സര്‍ക്കാരിൻ്റെ സില്‍വാര്‍ലൈന്‍ പദ്ധതി യു ഡി എഫ് വന്നാല്‍ ഉപേക്ഷിക്കുമെന്ന്. തിരുവനന്തപുരത്ത് നിന്ന് കാസറഗോഡ് വരെ വെറും നാലര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരന്‍ കഴിയുന്ന കേരളത്തിന്റെ സ്വന്തം റെയില്‍ പദ്ധതിയാണ് പൊളിച്ചടുക്കും എന്ന് അദ്ദേഹം പറയുന്നത്.

