മോട്ടോര്‍ വാഹന വകുപ്പ് പരിശോധന: 28 സ്കൂള്‍ വാഹനങ്ങളുടെ സര്‍വിസ് റദ്ദാക്കി

വടകര: താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂള്‍ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷ പരിശോധന നടത്തി. 107 സ്കൂള്‍ ബസുകള്‍ പരിശോധിച്ചപ്പോള്‍ ഗുരുതര വീഴ്ചകളുള്ള 28 വാഹനങ്ങളെ സര്‍വിസ് നടത്തുന്നതില്‍നിന്നും വിലക്കി.
തകര്‍ന്ന പ്ലാറ്റ്ഫോമുകളും, വൃത്തിയില്ലാത്തതും കീറിയതുമായ സീറ്റുകളും, വാതിലുകളുടെ ഉള്‍വശങ്ങളില്‍ തള്ളിനില്‍ക്കുന്ന കുറ്റികള്‍, കൊളുത്തുകള്‍, സുരക്ഷിതമായി അടക്കാന്‍ പറ്റാത്ത വാതിലുകള്‍, നിരക്കി നീക്കാന്‍ പറ്റാത്ത ജനല്‍ ഗ്ലാസുകള്‍, ഇളകിയാടുന്ന സീറ്റുകള്‍, തകരാറിലായ ലൈറ്റുകള്‍, പ്രവര്‍ത്തനരഹിതമായ ഹാന്‍ഡ്
ബ്രേക്കുകളും സ്പീഡ് ഗവേണറുകളും, ചലനരഹിതമായ വൈപ്പറുകള്‍, ഹോണുകള്‍, തേയ്മാനം സംഭവിച്ച ടയറുകള്‍, ബ്രേക്ക് സംവിധാനത്തിലെ എയര്‍ ലീക്ക് തുടങ്ങിയവയെല്ലാം പരിശോധനയില്‍ കണ്ടെത്തി.

വാഹനങ്ങളില്‍ സൂക്ഷിച്ച പ്രഥമ ശുശ്രൂഷക്കുള്ള മരുന്നുകള്‍ പലതും കാലാവധി കഴിഞ്ഞവയാണ്. പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദിനേശ് കീര്‍ത്തി, രാഗേഷ്, സലിം വിജയകുമാര്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ അജിത്ത് കുമാര്‍, അഖിലേഷ്, ഷീജി, വിജിത്ത് കുമാര്‍, അശോക് കുമാര്‍, ജയര്‍, ജെസ്സി എന്നിവര്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ തകരാറുകള്‍ പരിഹരിച്ച ശേഷം ഹാജരാക്കുന്ന വാഹനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ആര്‍.ടി.ഒ . ടി.സി. വിനേഷ് അറിയിച്ചു.

