മലയാളി വിദ്യാർഥിക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ അംഗീകാരം

കോട്ടയം: മലയാളി വിദ്യാർഥിക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയിൽ ബിബിൻ ബെന്നി ആണ് ബേണിൽ നടന്ന സ്വിസ് ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ സിൽവർ മെഡൽ നേടി മികവു തെളിയിച്ചത്.
കംപ്യൂട്ടർ പ്രോഗ്രാമിലും കണക്കിലും കഴിവു തെളിയിച്ചിട്ടുണ്ട് ഈ മിടുക്കൻ. വെള്ളി മെഡൽ നേടിയതിനൊപ്പം 2017 ജൂലൈ 10 മുതൽ 15 വരെ നടക്കുന്ന യൂറോപ്യൻ ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ സ്വിറ്റ്സർലൻഡിനെ പ്രതിനിധീകരിക്കാനും ബിബിന് അവസരം ലഭിച്ചു.

വർഷങ്ങളായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്ന മുട്ടപ്പിള്ളിൽ ബെന്നി മാത്യു- ആൻസി ദന്പതികളുടെ പുത്രനാണ് പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ബിബിൻ. സഹോദരി അഞ്ജലിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

