മലപ്പുറം ഡിസിസി ഓഫീസിനു മുന്നിലെ കൊടിമരത്തില്‍ മുസ്ലിംലീഗ് പതാക ഉയര്‍ത്തി

മലപ്പുറം> കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തില്‍ കോണ്‍ഗ്രസ് കൊടി താഴ്ത്തി മുസ്ലിംലീഗിന്റെ കൊടി നാട്ടി ഇതുവരെ കാണാത്ത പ്രതിഷേധമാണ് മലപ്പുറത്തുണ്ടായത്. മഞ്ചേരി റോഡിലെ മൂന്നാംപടിയിലുള്ള ജില്ലാ ഓഫീസ് മന്ദിരത്തിന് മുന്നിലെ കൊടിമരത്തിലാണ് ലീഗിന്റെ കൊടി നാട്ടിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇതുചെയ്തത്. രാത്രി പതിനൊന്നിനുശേഷമാണ് കൊടിമരത്തില്‍ ലീഗിന്റെ കൊടി കണ്ടത്. രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയെന്ന വാര്‍ത്ത വന്നതുമുതല്‍ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിമാറ്റി ലീഗിന്റെ കൊടി കെട്ടിവച്ചത്.

