മദ്രസകൾ ധർമബോധമുള്ള സമുഹത്തെ സൃഷ്ടിക്കുന്നു: കാന്തപുരം
കൊയിലാണ്ടി: ഇസ്ലാം ലോകത്ത് പ്രചരിച്ചത് ആയുധങ്ങളിലുടെയോ യുദ്ധ മാർഗങ്ങളിലൂടെയോ അല്ലെന്നും സമാധാന സന്ദേശത്തിലൂടെ മാത്രമാണെന്നും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. കൊല്ലം പുതിയപള്ളി ഹമദാൻ സ്ക്വയറിൽ നിർമിച്ച അൽ ഹമദാൻ സുന്നീ മദ്രസയുടെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് മതവിജ്ഞാനം പകർന്നു കൊടുക്കാനായി പ്രവൃത്തിക്കുന്ന മദ്രസകൾ ധർമബോധമുള്ള സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
പി എം അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം മുഹമ്മദ് അൽ കന്തിരി വിശിഷ്ടാതിഥിയായിരുന്നു. സി പി ഉബൈദുല്ലാഹ് സഖാഫി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, പുറക്കാട് വി എം മുഹയിദ്ദീൻ കുട്ടി മുസലിയാർ, സയ്യിദ് അബ്ദുൽ അസീസ് ശാമിൽ ഇർഫാനി, മുഹമ്മദ് ഫാളിൽ നൂറാനി, സി കെ അബ്ദുന്നാസിർ, അഡ്വ. തൻവീർ ഉമർ, അഡ്വ. റഷീദ് കൊല്ലം, കെ കെ അബ്ദുറഹ്മാൻ സ്റ്റാർവ്യൂ, അബ്ദുന്നാസിർ സഖാഫി തിക്കോടി, അബ്ദുൽ കരീം നിസാമി എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ കൊല്ലം പ്രദേശത്ത് ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയരായ കെ ജെ എം കൾച്ചറൽ ബ്രിഡ്ജ് , തീരം ക്ലബ്, ആസ്റ്റർ ക്ലബ് എന്നീ കൂട്ടായ്മകളെ അനുമോദിച്ചു. പ്രവാചക പ്രകീർത്തനത്തിന് അശ്റഫ് സഖാഫി പുള്ളാവൂർ നേതൃത്വം നൽകി.
