KOYILANDY DIARY

The Perfect News Portal

മത്സ്യ കർഷകർക്ക് ഭീഷണിയായി നീർനായകൾ

കൊയിലാണ്ടി: മത്സ്യ കർഷകർക്ക് ഭീഷണിയായി നീർനായകൾ. ഉൾനാടൻ ജലാശയങ്ങളിലും, പുഴകളിലും, മത്സ്യസമ്പത്തിനും മത്സ്യ കർഷകർക്കും ഭീഷണിയായിരിക്കുകയാണ് നീർനായകൾ. അത്തോളി, എളാട്ടേരി ഐരാണിത്തുരുത്ത്‍, അകലാപ്പുഴ ഭാഗങ്ങളിലെല്ലാം നീർനായകൾ പെരുകിവരുകയാണെന്ന് മത്സ്യക്കർഷകരും മത്സ്യത്തൊഴിലാളികളും പറയുന്നു. പുഴകളിൽ മത്സ്യസമ്പത്ത് വൻതോതിൽ കുറയാൻ നീർനായകൾ ഇടയാക്കുന്നുണ്ട്. അതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ വലകൾ കടിച്ചു മുറിച്ച് നശിപ്പിക്കുന്നതും പതിവാണ്. കൂടു മത്സ്യക്കൃഷി നടത്തുന്നവരാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്. വലിയ തുക ചെലവഴിച്ച് പുഴകളിലും ജലാശയങ്ങളിലും ഒരുക്കുന്ന വലക്കൂട് കടിച്ചുതകർക്കുന്ന നീർനായകൾ കൂട്ടമായി അതിനുള്ളിൽ കയറി വളർത്തു മീനുകളെ തിന്നുതീർക്കും. അവശേഷിക്കുന്ന മത്സ്യങ്ങൾ പൊട്ടിയ വലയിലൂടെ പുറത്തുപോകുകയുംചെയ്യും.

കണ്ടൽക്കാടുകളും പൊന്തക്കാടുകളും നിറഞ്ഞ ജലാശയങ്ങൾക്ക് സമീപമാണ് നീർനായകളെ ധാരാളമായി കാണുന്നത്. വലിയതോതിലുള്ള അക്രമസ്വഭാവവും ഇവയ്ക്കുണ്ട്. പുഴയിൽ കുളിക്കാനും അലക്കാനുമെത്തുന്നവരെ കടിച്ചുപരിക്കേൽപ്പിക്കും. കുഞ്ഞുങ്ങളുമായി കൂട്ടത്തോടെയാണ് ഇവയെത്തുക. ജലോപരിതലത്തിൽ കഴുത്തുമാത്രം വെളിയിലിട്ടാണ് സഞ്ചരിക്കുക. മലയോരമേഖലയിലെ കാട്ടുപന്നിശല്യത്തിന് സമാനമാണ് ജലാശയങ്ങളിൽ നീർനായ ഭീഷണിയും. പുഴകളുടെ അടിത്തട്ടിലുളള കരിമീൻ, ചെമ്പല്ലി, ചെമ്മീൻ, പയ്യത്തി തുടങ്ങിയവയെ എല്ലാം നീർനായകൾ മുങ്ങാങ്കുഴിയിട്ട് പിടികൂടി തിന്നും. രാത്രിയാണ് പ്രധാനമായും ഇവയുടെ മീൻവേട്ട. പകൽ കരയിൽ വിശ്രമിക്കും.

മീൻ പിടിക്കുന്ന തണ്ടാടിവലയും വ്യാപകമായി കടിച്ചുകീറി നശിപ്പിക്കുന്നുണ്ട്. ഒരുകിലോ വരുന്ന ഒരുസെറ്റ് തണ്ടാടിവലയ്ക്ക് മുവായിരം രൂപയോളം വിലയുണ്ട്. രണ്ടോ മൂന്നോ സെറ്റ് വലകൾ തണ്ടാടിവലയ്ക്കായി ഉപയോഗിക്കും. ഇത് നശിപ്പിക്കുമ്പോൾ വലിയ സാമ്പത്തികനഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടാകുന്നത്. എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചും പടക്കംപൊട്ടിച്ചും നീർനായകളെ അകറ്റുന്നരീതി ചില മത്സ്യക്കർഷകർ അനുവർത്തിക്കുന്നുണ്ട്. അകലാപ്പുഴ, കോൾനിലം എന്നിവിടങ്ങളിൽ നീർനായകൾ പെരുകുകയാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാവും. പൊതുവേ മീൻലഭ്യത കുറഞ്ഞിരിക്കെ കൂടുവലകളിൽ കുടുങ്ങുന്ന മത്സ്യങ്ങളെ നീർനായകൾ തിന്നൊടുക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *