ഭീകരരുടെ ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമാകുന്നു

ശ്രീനഗര്‍: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ അപ്രത്യക്ഷമായ ഭീകരരുടെ ലോഞ്ച് പാഡുകള്‍ പ്രധാനമന്ത്രി തിരികെ വന്നത്തോടെ സജീവമാകുന്നു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ കീഴിലുള്ള ഭാഗത്ത് ഇടക്കാലത്തേക്ക് ഒഴിവാക്കിയ ഭീകരരുടെ ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമായെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ ലോഞ്ച് പാഡുകളില്‍ കേന്ദ്രീകരിച്ചിരുന്ന ഭീകരര്‍ രണ്ടാഴ്ചയോളം അതിര്‍ത്തിക്കു സമീപമുള്ള ഗ്രാമങ്ങളിലേക്ക് പിന്മാറിയിരുന്നു. എന്നാല്‍ വീണ്ടും ലോഞ്ച് പാഡുകള്‍ സജീവമാകുന്നതോടെ കൂടുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരുന്ന ഭീകരര്‍ ലോഞ്ച് പാഡുകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 200 മുതല്‍ 250ഓളം ഭീകരര്‍ ലോഞ്ചിക് പാഡുകളില്‍ തിരികെയെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം കശ്മീര്‍ താഴ്വരയിലെ ഗുരസ് മേഖലയിലെ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമായിരുന്നുവെന്നും രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ അവിടെനിന്നും കണ്ടെത്തിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

