ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു
കണ്ണൂര്‍: ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച യുവതി ദിവസങ്ങളായി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂര്‍ ചാലാട് സ്വദേശിനിയും നഴ്സുമായ രാഖി(25) ആണ് തിങ്കളാഴ്ച്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്.
ഭര്‍ത്താവ് സന്ദീപ് തന്നെ തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്ട്രേറ്റിനു നല്കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് തുടക്കത്തില്‍ സംഭവം മൂടിവെച്ചത്. സന്ദീപിന്റെ പേര് പറഞ്ഞാല്‍ ഒന്നര വയസ്സുള്ള മകളേയും കൊല്ലുമെന്നായിരുന്നു ഭീഷണി.

നഴ്സ് കൂടിയായ രാഖി തന്നെ ചികിത്സിച്ച ഡോകടര്‍മാര്‍ നാലു ദിവസം മാത്രമേ ജീവന് നിലനില്‍ക്കൂവെന്ന് പറയുന്നത് കേട്ടതോടെയാണ് ഭര്‍ത്താവിനെതിരെ മരണമൊഴി നല്‍കിയത്. ചാലയിലെ ബിന്ദു – രാജീവന് ദമ്പതികളുടെ മകളാണ് മരിച്ച രാഖി. സഹോദരന്: രാഹുല്‍. അക്രമം നടത്തിയ ഭര്‍ത്താവ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം പൊലീസാണ് കേസന്വേഷിക്കുന്നത്. കണ്ണൂര്‍ ഡിവൈഎസ്പി പി. പി. സദാനന്ദന് അന്വേഷണത്തിന് നേതൃത്യം നല്കി.

