KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂര്‍ തുറമുഖ നദീമുഖത്തെ മണ്ണ് നീക്കം ചെയ്ത് ആഴംകൂട്ടാന്‍ തുടങ്ങി

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖ നദീമുഖത്തെ മണ്ണ് നീക്കം ചെയ്ത് ആഴംകൂട്ടാന്‍ തുടങ്ങി. കപ്പലുകള്‍ക്ക് വേലിയേറ്റമോ വേലി ഇറക്കമോ നോക്കാതെ പുതിയ വാര്‍ഫില്‍ അനായാസം അടുക്കാന്‍ വേണ്ടിയാണ് ആഴംകൂട്ടുന്നത്. ഇക്കഴിഞ്ഞ കാലവര്‍ഷസമയത്ത് വാര്‍ഫില്‍ അടിഞ്ഞുകൂടിയ 12,000 ക്യുബിക്ക് മീറ്റര്‍ മണ്ണ് മാന്തിയെടുത്ത് വാര്‍ഫിന് നാല് മീറ്റര്‍ ആഴം കൂട്ടാനാണ് ലക്ഷ്യമിടുന്നത്. ഒരുമാസം തുടര്‍ച്ചയായി നടക്കുന്ന മണ്ണ് നീക്കലിലൂടെ വലിയ ചരക്കു കപ്പലുകള്‍ക്ക് തടസ്സമില്ലാതെ വാര്‍ഫിലടുക്കാന്‍ കഴിയും.

കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 40 ലക്ഷം രൂപ ചെലവിലാണ് ഈ പ്രവൃത്തി. മുന്‍വര്‍ഷങ്ങളില്‍ 13 കോടിരൂപ ചെലവില്‍ കെ.എം.ഡി.സി.യുടെ മേല്‍നോട്ടത്തില്‍ ബേപ്പൂര്‍ അഴിമുഖം ഉള്‍പ്പെടെ തുറമുഖനദീമുഖത്തും മറ്റുമുള്ള മണ്ണ് മാന്തുകയും ചെങ്കല്‍പ്പാറകള്‍ പൊട്ടിച്ചുമാറ്റുകയും ചെയ്തിരുന്നു.

ബേപ്പൂര്‍ തുറമുഖത്തെ രണ്ട് വാര്‍ഫുകളിലും കപ്പലുകള്‍ക്ക് തടസ്സംകൂടാതെ അടുക്കത്തക്കവണ്ണം മണ്ണുമാന്തി മാറ്റാന്‍ 30 കോടിയുടെ പുതിയ പദ്ധതിയും തുറമുഖ വകുപ്പിന്റെ പരിഗണനയിലാണ്. ബേപ്പൂര്‍ അഴിമുഖം വരെയുള്ള കപ്പല്‍ ചാലുകള്‍ക്ക് ആഴമുണ്ടാക്കാന്‍ വേണ്ടിയാണ് പുതിയ പദ്ധതി നടപ്പാക്കുക. വാര്‍ഫിലെ നദീമുഖത്ത് ആഴം കൂട്ടുന്നതോടൊപ്പം കപ്പല്‍ച്ചാലുകള്‍ക്കും ആഴംകൂട്ടിയാല്‍ അഴിമുഖത്തു നിന്ന് വന്‍ ചരക്കുകപ്പലുകള്‍ക്ക് തുറമുഖത്ത് അനായാസം പ്രവേശിക്കാം. ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിവഴി തുറമുഖ വികസനത്തിന് സാമ്ബത്തികസഹായം ലഭ്യമാക്കാനും തുറമുഖ വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *