ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഹോട്ടലില്‍ മുറിയെടുത്തിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലൈന്‍ പിആര്‍എ 103 ല്‍ കളിയേല് മേലെവീട്ടില്‍ നാഗപ്പന് നായരുടെ മകന് ശ്രീനിവാസന് നായരാണ് (39)കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പാപ്പനംകോട് കൈത്തലയ്ക്കല് പുത്തന്‍വീട്ടില്‍ കലേഷിനെ അറസ്റ്റ് ചെയ്തതായി തമ്പാനൂര്‍ പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ഹോട്ടലിലായിരുന്നു സംഭവം. രാവിലെ ഏഴരയോടെ ശ്രീനിവാസനും സുഹൃത്തുക്കളായ സന്തോഷ്, ഗിരീഷ്, കലേഷ് എന്നിവരും ചേര്‍ന്നു ഹോട്ടലില്‍ മുറിയെടുത്തു. ടാക്സി ഡ്രൈവര്‍മാരായ ശ്രീനിവാസനും സന്തോഷും ഗിരീഷും നേരത്തെ സുഹൃത്തുക്കളാണ്. ഗിരീഷിന്റെ പരിചയക്കാരനാണ് കലേഷ്. മദ്യലഹരിയില്‍ സന്തോഷും കലേഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ബിയര്‍ കുപ്പി അടിച്ചു പൊട്ടിച്ച് കലേഷ് സന്തോഷിനെ ആക്രമിക്കുകയും ചെയ്തു.

ശ്രീനിവാസന് ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍, കലേഷ് ശ്രീനിവാസന്റെ കഴുത്തില്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളികേട്ടു മുറിയിലെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവശേഷം കലേഷ് ഇവിടെ നിന്നു രക്ഷപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത ഗിരീഷും സന്തോഷും നല്കിയ വിവരത്തെ തുടര്‍ന്ന് പാപ്പനംകോട്ടു നിന്നാണ് കലേഷിനെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

