KOYILANDY DIARY.COM

The Perfect News Portal

ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

ശബരിമല വിഷയത്തിലെ നിലപാടില്ലായ്മ, ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. യുവതീ പ്രവേശനവും ആചാരലംഘനവും മുന്‍നിര്‍ത്തിയാവണം സമരം വേണ്ടതെന്ന് നേതാക്കള്‍. ശബരിമലയില്‍ സമരം നിര്‍ത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വി മുരളീധരപക്ഷം രംഗത്ത് വന്നു.

എന്നാല്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തില്ല.ബിജെപി കേരള ഘടകത്തിലെ പൊട്ടിത്തെറി കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലും പ്രതിഫലിച്ചു. വി മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം ശ്രീധരന്‍പിള്ളയ്ക്കതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇടക്കിടെ നിലപാടുകള്‍ മാറ്റുന്നശ്രീധരന്‍ പിള്ള സമൂഹത്തില്‍ അപഹാസ്യനാകുന്നു എന്ന ആരോപണമാണ് മുരളീധര വിഭാഗം യോഗത്തില്‍ ഉന്നയിച്ചത്.

ശബരിമലയിലെ സമരം നിര്‍ത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. കെ സുരേന്ദ്രനെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും യോഗത്തില്‍ ഉണ്ടായി. എന്നാല്‍ ശബരിമലയില്‍ സമരം നിര്‍ത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വി മുരളീധരന്‍ എംപി യോഗത്തില്‍ പങ്കെടുത്തില്ല.

Advertisements

ഇതേ കുറിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍പിള്ള, അത് നിങ്ങളുടെ വിമര്‍ശനമെന്ന മറുപടി പറഞ്ഞ് വ്യക്തത വരുത്താതെ മടങ്ങി. വി മുരളീധരന്‍ പങ്കെടുക്കാതിരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരില്‍ എം ടി രമേശ് മാത്രമാണ് എത്തിയത്. ശബരിമല സര്‍ക്കുലര്‍ ചോര്‍ന്നതും ശബരിമല വിഷയം നേതാക്കള്‍ ഗ്രൂപ്പ് കളിച്ച്‌ കുളമാക്കിയെന്ന ആര്‍ എസ് എസ് വിമര്‍ശനവും ചര്‍ച്ചയായതായാണ് വിവരം.

തിങ്കളാഴ്ച സെക്രട്ടറിയറ്റിന് മുന്നില്‍ ആരംഭിക്കുന്ന നിരാഹാര സമരത്തില്‍ ദിവസവും ഓരോ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരെ എത്തിക്കാനും നേതൃയോഗം തീരുമാനിച്ചു. വര്‍ത്തമാന സാഹചര്യം ബിജെപിക്ക് അസുലഭാവസരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ശ്രീധരന്‍പിള്ള പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *