ബസിന് തീപിടിച്ച് 7 പേർ വെന്തു മരിച്ചു
ബെംഗളൂരു: കർണാടകയിലെ കർബുർഗി ജില്ലയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തു മരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്. സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.
ഗോവയിൽ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തി നശിച്ചു.