ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം കോടതിയിലേക്ക് കൊണ്ടുവന്നു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം കോടതിയിലേക്ക് കൊണ്ടുവന്നു. പാലാ മജിസ്ട്രേറ്റ് കോടതിയിലേക്കാണ് ബിഷപ്പിനെ കൊണ്ടുവന്നത്. ബിഷപ്പിനു വേണ്ടി അഡ്വക്കേറ്റ് രാമന് പിള്ളയാണ് കോടതിയില്‍ ഹാജരായത്. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ ഇന്ന് രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയത്. ആശുപത്രി പരിസരത്ത് ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെതിരെ കൂകി വിളിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

ഇന്നലെ തൃപ്പൂണിത്തറയില്‍ നിന്നുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ്പിനെ പൊലീസുകാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. യാത്രക്കിടയില്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും പൊലീസുകാരോട് ബിഷപ്പ് പറഞ്ഞു. തുടര്‍ന്നാണ് ബിഷപ്പിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം കോട്ടയത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു ബിഷപ്പിന് രക്തസമ്മര്‍ദ്ദം കൂടിയത്.

