KOYILANDY DIARY.COM

The Perfect News Portal

ചലച്ചിത്ര ലോകം കൈവിട്ട് പെയിൻ്റടിക്കാനിറങ്ങിയ അശോകനെ തേടിയെത്തിയത് സംസ്ഥാന പുരസ്‌ക്കാരം

അമ്പലപ്പുഴ: കോവിഡ് പ്രതിസന്ധിയില്‍ സിനിമയെ ഉപേക്ഷിച്ച്‌ പെയിന്റിങ് പണിയിലേക്ക് ചേക്കേറിയ അശോകന് വെള്ളിത്തിരയിലൂടെ തിരുമധുരം. രണ്ടരപ്പതിറ്റാണ്ടായി സിനിമയില്‍ വസ്ത്രാലങ്കര രംഗത്ത് തുടര്‍ന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് വട്ടക്കാട് വീട്ടില്‍ അശോകന് (58) വൈകിയെത്തിയ അംഗീകാരമാണിത്.

മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര എന്ന ചലച്ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അശോകന് പുരസ്കാരം. കോവിഡ് പ്രതിസന്ധിയില്‍ സിനിമ പാടേ നിലച്ചതോടെയാണ് അശോകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിങ് പണിക്കിറങ്ങിയത്.

പെയിന്റിങ് ജോലിക്കിടെ ഭാര്യ ഉഷയാണ് ഇവിടെയെത്തി അശോകനെ അവാര്‍ഡു വിവരം അറിയിച്ചത്. വീട്ടില്‍ നിന്നിറങ്ങവെ ഫോണെടുക്കാന്‍ മറന്ന അശോകനെ സംവിധായകന്‍ മനോജ് കാനയാണ് അവാര്‍ഡ് വിവരം അറിയിച്ചത്. മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച ക്യാമറാമാനുമുള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് കെഞ്ചിര നേടിയത്.

Advertisements

ആദിവാസി ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കെഞ്ചിരയെന്ന് അശോകന്‍ പറഞ്ഞു. വയനാട്ടിലെ കുറുവ ദ്വീപിലായിരുന്നു 45 ദിവസം നീണ്ട ചിത്രീകരണം. ആഴ്ചകള്‍ക്കു മുമ്ബേ അവിടെയെത്തി ആദിവാസികളുടെ വസ്ത്രരീതികള്‍ അശോകന്‍ ഹൃദിസ്ഥമാക്കുകയായിരുന്നു. മനോജ് കാനയുടെ ചായില്യം, അമീബ എന്നീ ചിത്രങ്ങളുടെയും വസ്ത്രാലങ്കാരം അശോകനായിരുന്നു.

സംവിധായകന്‍ വിനയനാണ് അശോകനെ വസ്ത്രാലങ്കാര രംഗത്തെത്തിച്ചത്. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലാണ് സ്വതന്ത്ര ചുമതലയേല്‍ക്കുന്നത്. മനോജ് ആലപ്പുഴയുടെ സഹായിയായാണ് തുടക്കം. ഇരുന്നൂറിലേറെ സിനിമകള്‍ക്കായി പ്രവര്‍ത്തിച്ചു. 17ാം വയസില്‍ തയ്യല്‍പ്പണിയാരംഭിച്ച അശോകന് പറവൂര്‍ ജങ്ഷനില്‍ തയ്യല്‍ക്കടയുമുണ്ടായിരുന്നു.

നിരവധി സിനിമകളില്‍ വസ്ത്രാലങ്കാരത്തിന് ക്ഷണം ലഭിച്ചെങ്കിലും കോവിഡില്‍ എല്ലാം നിലച്ചു. ഇതോടെയാണ് അശോകന്‍ ആലപ്പുഴയെന്ന വസ്ത്രാലങ്കാരകന്‍ പെയിന്റിങ് ജോലിക്കിറങ്ങിയത്. സിനിമാരംഗത്ത് തുടരാനാണ് ആഗ്രഹമെന്നും അശോകന്‍ പറഞ്ഞു. മക്കള്‍: അശ്വതി, അശ്വിന്‍ കുമാര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *