പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: ബൈക്കില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച് റഹ്മത്ത് നഗര്‍ പടിയത്ത് ബിന്‍ഷാദാണ് (29) അറസ്റ്റിലായത്.
വാടാനപ്പള്ളി എസ് ഐ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിന്‍ഷാദിനെ അറസ്റ്റുചെയ്തത്. പോലീസിനെ ആക്രമിക്കല്‍, വധശ്രമം, മാരകായുധമുപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ഇയാളുടെ പേരില്‍ എട്ടുകേസുകള്‍ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലുണ്ട്.

ഇതിനുപുറമേ വീടുകയറി ആക്രമച്ചതിനും സ്ത്രീയെ പീഡിപ്പിച്ചതിനും വടക്കേക്കാട് സ്റ്റേഷനിലും മാരകായുധമുപയോഗിച്ച് ആക്രമിച്ചതിന് ചാവക്കാട് സ്റ്റേഷനിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ പി എം സാദിഖലി, സീനിയര്‍ സിപിഒമാരായ അരുണ്‍കുമാര്‍, ഷാബു, ഷൈന്‍, രാജി, മഹേഷ്, സത്യജിത്ത് എന്നിവരും ബിന്‍ഷാദിനെ അറസ്റ്റുചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.

