KOYILANDY DIARY.COM

The Perfect News Portal

പി വി അന്‍വറിന്‍റെ വാട്ടര്‍ തീം അമ്യൂസ്മെന്‍റ് പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ വാട്ടര്‍ തീം അമ്യൂസ്മെന്‍റ് പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കുന്നത്. നേരത്തെ ഹൈക്കോടതി നല്‍കിയ കാല പരിധിക്കുള്ളില്‍ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുന്‍പ് നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.

അന്‍വറിന്‍റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യില്‍. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കിക്കളയണമെന്ന് ആവര്‍ത്തിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *