പന്തീര്‍പാടത്ത് രണ്ട് കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

കുന്ദമംഗലം: കുന്ദമംഗലത്തിനടുത്ത് വയനാട് റോഡ് ദേശീയപാതയില്‍ പന്തീര്‍പാടത്ത് രണ്ട് കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം. ഇരു ബസ്സുകള്‍ക്കും ചില കടകള്‍ക്കും ഇലക്ട്രിക് പോസ്റ്റുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട്ടു നിന്ന് കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന സുപ്പര്‍ ഫാസ്റ്റ് ബസ്സും ബാംഗ്ളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഡീലക്സ് ബസ്സുമാണ് കൂട്ടിയിടിച്ചത്.
രാത്രി കനത്ത മഴയുണ്ടായിരുന്നു. ഇറക്കത്തിലെ മിനുസമേറിയ റോഡില്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും വലത് ഭാഗവും തകര്‍ന്നു. ഇരു ബസ്സുകളുടേയും മുന്‍ഭാഗത്തെ തകര്‍ച്ചയില്‍ ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമാണ്. ഇടിയുടെ ശബ്ദവും യാത്രക്കാരുടെ കരച്ചിലും കേട്ട് ഓടിയെത്തിയ സമീപവാസികളും സമീപത്ത് പള്ളിയില്‍ നിസ്കാരത്തിന് എത്തിയവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

