പനി: താലൂക്കാശുപത്രിയിൽ ചികിത്സതേടുന്നവർ 3000 കവിഞ്ഞു: രോഗികൾ ദുരിതത്തിൽ

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് നരകയാതന. മൂവായിരത്തോളം രോഗികളാണ് നിത്യേന ഇവിടെയെത്തുന്നത്. പനിബാധിതര്‍ക്ക് കിടക്കാനിടമില്ല. വരാന്തയിലും കട്ടിലുകള്‍ക്കിടയിലുമാണ് ഭൂരിഭാഗം രോഗികളുടെയും കിടപ്പ്.
ചെവ്വാഴ്ച കൊയിലാണ്ടിയില്‍ എത്തുന്ന ആരോഗ്യമന്ത്രി ഇടപെട്ട് കെട്ടിടം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒ.പി. വിഭാഗത്തിലെത്തുന്നവര്ക്കും ദുരിതമാണ്. ലാബിനുമുന്നില്‍ നീണ്ടനിരയാണെപ്പോഴും. ഒരു കൗണ്ടറില്‍ ബില്ലടക്കണം. ബില്ലുമായി അടുത്ത കൗണ്ടറിലെത്തി കുപ്പിവാങ്ങണം. കുപ്പിയുമായി മറ്റൊരു കൗണ്ടറിലെത്തി പരിശോധന നടത്തണം. പിന്നീടെത്തി പരിശോധനയുടെ റിസള്‍ട്ട് വാങ്ങണം.

രോഗികൾ ഒ.പിക്കു മുമ്പിൽ ക്യൂ നിൽക്കുന്നത് വളരെ പ്രയാസപ്പെട്ടാണ്. മഴവെള്ളം ശരീരത്തിലാവാതെ നില്‍ക്കാനും പ്രയാസമാണ്. പനിബാധിതരാണ് ഇങ്ങനെ പ്രയാസപ്പെടുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ദുരിതം പേറുമ്പോഴും തൊട്ടടുത്തായി പണി പൂര്‍ത്തിയായ ആറുനിലക്കെട്ടിടം വെറുതേ കിടപ്പാണ്. ശക്തമായ സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്ന് പനി ഒ.പി.യും ഒ.പി. നിരീക്ഷണ വാര്‍ഡും ഇവിടേക്ക് മാറ്റിയിട്ടുണ്ട്.

വരാന്തയില്‍ കഴിയുന്ന രോഗികളെ ഇതിലേക്ക് മാറ്റി താത്കാലിക സംവിധാനമുണ്ടാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അധികാരികള്‍ ചെവിക്കൊണ്ടിട്ടില്ല. പുതിയ കെട്ടിടം തുറന്നുകൊടുക്കുന്ന കാര്യം അടിയന്തരമായി പരിശോധിക്കാന്‍ ആരോഗ്യമന്ത്രി കോഴിക്കോട് ഡി.എം.ഒ.യ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍ നടപടികളൊന്നുമായിട്ടില്ല. ഭാഗികമായി കെട്ടിടം ഉപയോഗിച്ചുകഴിഞ്ഞാല്‍ ഉദ്ഘാടനച്ചടങ്ങിന്റെ മാറ്റുകുറയുമെന്ന ആശങ്കയും ബന്ധപ്പെട്ടവര്‍ക്കുണ്ട്. ആശുപത്രിക്ക് തൊട്ടടുത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് നടന്നിരുന്നു. അന്നുതന്നെ ആശുപത്രിക്കെട്ടിടം ഉദ്ഘാടനം നടത്താമെന്ന ആലോചനയുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. പ്രധാനമായും ലിഫറ്റിന്റേയും റാമ്പിന്റേയും വർക്ക് പൂർത്തിയായാൽ താമസിയാതെ തന്നെ ആശുപത്രി തുറന്ന് കൊടുക്കാൻ സാധിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
