പച്ചത്തേങ്ങയ്ക്ക് നാളികേര വിപണിയില്‍ വന്‍ വില

കൊയിലാണ്ടി: പൊതിച്ച പച്ചത്തേങ്ങയ്ക്ക് നാളികേര വിപണിയില്‍ വന്‍ വില. കിലോയ്ക്ക് 37.50 മുതല്‍ 38.50 വരെയാണ് കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ 33 രൂപ വരെയായിരുന്നു വില. തേങ്ങ അധികം ലഭിക്കാത്തതാണ് വിലകൂടാന്‍ കാരണമായി പറയുന്നത്. ചിങ്ങം, കന്നി മാസങ്ങളില്‍ തേങ്ങ ഉത്പാദനം കുറയും. തമിഴ്നാട്ടിലെ വന്‍കിട വെളിച്ചെണ്ണ കമ്പനികളിലേക്ക് നാട്ടിന് പ്രദേശങ്ങളില്‍നിന്ന് ധാരാളമായി പച്ചത്തേങ്ങ കയറ്റിപ്പോകുന്നുണ്ട്.
തെങ്ങയ്ക്ക് വില കൂടുന്നുണ്ടെങ്കിലും തേങ്ങപറിക്കാന്‍ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ് നാട്ടിലുടനീളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നവരും ഇപ്പോള്‍ കുറവാണ്. മുമ്പ് നാളികേര വികസന കോര്പ്പറേഷന് യുവാക്കള്‍ക്ക് യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറാന്‍ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പരിശീലനം നിര്‍ത്തിവെച്ചിരിക്കുകയാണ്. തേങ്ങയ്ക്ക് വിലയുണ്ടെങ്കിലും അടയ്ക്കയ്ക്ക് വില കുറവാണ്. 175 മുതല്‍ 185 രൂപവരെയാണ് ഒരുകിലോ കൊട്ടടക്കയ്ക്ക് ലഭിക്കുന്നത്. തേങ്ങവില കൂടിയതോടെ തെങ്ങിന് തടമെടുക്കാനും വളമിടാനും കര്‍ഷകര്‍ക്ക് ആവേശം കൂടിയിരിക്കുകയാണ്.

