KOYILANDY DIARY.COM

The Perfect News Portal

നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കണമെങ്കില്‍ 356-ാം വകുപ്പ് നീക്കംചെയ്യണം: യെച്ചൂരി

ന്യൂഡല്‍ഹി:  രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം എല്ലാ നിയമസഭകളിലെയും തെരഞ്ഞെടുപ്പ് നടത്തണമെന്ന വാദം അപ്രായോഗികമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്തിരഹിതവും ജനാധിപത്യവിരുദ്ധവുമാണ് ബിജെപി കേന്ദ്രങ്ങളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉയരുന്ന ഈ നിര്‍ദേശമെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

സ്വാതന്ത്ര്യം ലഭിച്ചശേഷം, 1952ലും 1957ലും ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകളും നടത്തി. എന്നാല്‍ കേരളത്തില്‍ 57ല്‍ അധികാരത്തില്‍ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ 356ാം വകുപ്പ് ദുരുപയോഗിച്ച്‌ പിരിച്ചുവിട്ടതോടെ ഇതിന്റെ താളം തെറ്റി. പിന്നീട് പശ്ചിമബംഗാളില്‍ രണ്ട് തവണ ജനാധിപത്യവിരുദ്ധമായി സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടു. ഇതുപോലെ പല സംസ്ഥാനങ്ങളിലും 356ാം വകുപ്പ് ദുരുപയോഗിച്ചു. ഇതോടെ ഒരേസമയം തെരഞ്ഞെടുപ്പ് എന്നത് അസാധ്യമായി.

അതുകൊണ്ടുതന്നെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കണമെങ്കില്‍ 356ാം വകുപ്പ് ഭരണഘടനയില്‍നിന്ന് നീക്കംചെയ്യണം. ബിജെപി ഇതിനു തയ്യാറാണോ?കേന്ദ്രത്തില്‍ കുറെക്കാലമായി മുന്നണിസര്‍ക്കാരുകളാണ്. ഏതെങ്കിലും കക്ഷി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടാം. ഇങ്ങനെ സംഭവിച്ചാല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലാവധി തീരുന്നത് വരെ അധികാരത്തില്‍ തുടരണമെന്ന് പറയാന്‍ കഴിയുമോ? ഇതിലും ജനാധിപത്യവിരുദ്ധവും ഭരണഘടനവിരുദ്ധവുമായ കാര്യം മറ്റെന്തുണ്ട്? തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്നു പറയുന്നതിനു പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് വരാറായി.

Advertisements

അവിടെ സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷം അലയടിക്കുകയാണ്. രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം വ്യക്തമായി. മോഡി എന്ന മുഖംമൂടി ഉപയോഗിച്ച്‌ സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ ജനരോഷത്തെ മറികടക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ബിജെപി ഇപ്പോള്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്തണമെന്ന് പറയുന്നതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു

Share news

Leave a Reply

Your email address will not be published. Required fields are marked *