KOYILANDY DIARY.COM

The Perfect News Portal

നാലുവയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന സ്ത്രീക്ക് ജീവപര്യന്തം തടവ്

തൃശൂര്‍: നാലുവയസുകാരിയെ മണലിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെുടത്തിയ കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. 50000 രുപ പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷൻസ് ജഡ്ജി സോഫി തോമസ് ശിക്ഷവിധിച്ചു. കേസിലെ പ്രധാനസാക്ഷികളായ കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്തായിരുന്നു. ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വിചാരണ.

കണ്ണൂര്‍ മട്ടന്നൂര്‍ വായ് തോട് നന്ദനത്തില്‍ രഞ്ജിത് കുമാറിന്റെയും നീഷ്മയുടെയും മകള്‍ മേഭയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഒല്ലൂര്‍ പിആര്‍പടി വായ്പറമ്ബില്‍ പരേതനായ വിജയന്റെ ഭാര്യ ഷൈലജ (ഷൈല)യെയാണ് കോടതി ശിക്ഷിച്ചത്.

2016 ഒക്ടോബര്‍ 13ന് പുതുക്കാട് പാഴായിയിലെ മണലിപ്പുഴയിലാണ് സംഭവം. മേഭയുടെ അമ്മയുടെ പിതൃസഹോദരിയാണ് ഷൈലജ. മേഭയുടെ വീട്ടുകാരുമായി ഷൈലജക്ക് മുന്‍ വിരോധമുണ്ടായിരുന്നു. പാഴായിലെ ബന്ധുവീട്ടില്‍ വന്ന മേഭയെ പുഴക്കടവിലേക്ക് കൂട്ടിക്കൊണ്ടുപോയി വായും മൂക്കും പൊത്തി പുഴയിലേക്ക് എറിയുകയായിരുന്നു.

Advertisements

മേഭയുടെ അച്ഛന്‍ രഞ്ജിത്ത്കുമാര്‍ ആസ്ട്രേലിയയിലെ മെല്‍ബണില്‍ എന്‍ജിനിയറാണ്. നീഷ്മയുടെ അച്ഛന്‍ മുരളീധരന്റെ സഹോദരന്‍ മോഹന്‍ദാസിന്റെ സഞ്ചയനത്തിന് രഞ്ജിത്ത്കുമാറും കുടുംബവും പാഴായില്‍ എത്തിയിരുന്നു. ഷൈലജയും ചടങ്ങിന് എത്തിയിരുന്നു. അന്നാണ്‌ കുട്ടിയെ കൊലപ്പെടുത്തിയത്.

മേഭയുടെ സ്വര്‍ണ അരഞ്ഞാണം കാണാതായിരുന്നു. ഇത് ഷൈലജ മോഷ്ടിച്ചതാണെന്ന് കുട്ടിയുടെ വീട്ടുകാര്‍ പലരോടും പറഞ്ഞു. ഷൈലജയെ ഒരിക്കല്‍ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് വീട്ടില്‍ കയറരുതെന്ന് നീഷ്മയുടെ വീട്ടുകാര്‍ താക്കീതും നല്‍കിയിരുന്നു. ഈ വിരോധമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ഷൈലജയെ പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം വീട്ടുകാരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ബംഗാളികള്‍ കുട്ടിയെ എടുക്കുന്നതായി കണ്ടുവെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ അരമണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തി.

കേസില്‍ 38 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതില്‍ പ്രതിയുടെ അടുത്ത ബന്ധുക്കളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കുട്ടിയോട് ഒട്ടും സ്നേഹം കാണിക്കാത്ത പ്രതിയോടും അനുകമ്ബ കാട്ടരുതെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ഡി ബാബു വാദിച്ചു. കുട്ടികളോടുള്ള ക്രൂരതക്കെതിരെ സമൂഹത്തിനാകെ മുന്നറിയിപ്പാവുന്ന ശിക്ഷ നല്‍കണമെന്നും വാദിച്ചു. പുതുക്കാട് സിഐ ആയിരുന്ന എസ് പി സുധീറാണ് കുറ്റപത്രം സമപ്പിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *