KOYILANDY DIARY.COM

The Perfect News Portal

നായനാര്‍ക്കുശേഷം പിണറായി പാറപ്പുറത്ത് നിന്ന് ചരിത്രത്തിലേക്ക് ”വിജയയുഗം”

കണ്ണൂര്‍ > കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിറവിയെടുത്ത കണ്ണൂരിലെ പിണറായി പാറപ്പുറത്ത്‌നിന്ന് ചരിത്രത്തിലേക്ക് നടന്നുകയറാൻ ഇ. കെ. നായനാർക്ക്‌ശേഷം ഇനി വിജയദൗത്യം. നായനാരെപൊലെ ദീർഘകാലം പാർട്ടി സെക്രട്ടറിയായഅനുഭവം കൈമുതലാക്കി അധികാരത്തിന്റെ ചെങ്കോൽ കൈപ്പിടിയിലൊതുക്കി പിണറായി വിജയൻ എന്ന വിപ്ലവ സൂര്യൻ കേരളത്തെ മുന്നോട്ട് നയിക്കും..
ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ക്കുശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അനുഭവജ്ഞാനം കരുത്താക്കിയാണ് പിണറായിയും മുഖ്യമന്ത്രിപദത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരസ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച മണ്ണില്‍ ജനിച്ചുവളര്‍ന്ന പിണറായിയുടെ ജീവിതത്തിലുടനീളം ഈ കമ്യൂണിസ്റ്റ്ദാര്‍ഢ്യം തെളിഞ്ഞുകാണാം. ഭരണവര്‍ഗത്തിന്റെ നീതികേടുകള്‍ക്കും വര്‍ഗീയ–വിധ്വംസക ശക്തികളുടെ വിളയാട്ടങ്ങള്‍ക്കുമെതിരായ ത്യാഗപൂര്‍ണമായ പോരാട്ടങ്ങളാണ് പിണറായി വിജയന്‍ എന്ന അസാധാരണനായ നേതൃരൂപത്തെ വാര്‍ത്തെടുത്തത്. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിത്തെളിഞ്ഞതാണ് ആ ജീവിതം.

സി എച്ച് കണാരന്‍ ഉള്‍പ്പെടെയുള്ള സമുന്നത പാര്‍ടിനേതൃനിരയും യുവാവായ പിണറായിയെ ശ്രദ്ധിച്ചിരുന്നു. 23–ാം വയസ്സില്‍ തലശേരിയില്‍ പാര്‍ടി മണ്ഡലം സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ദിനേശ് ബീഡി സഹകരണ സംഘം രൂപീകരണത്തെ തകര്‍ക്കാന്‍ കര്‍ണാടകത്തില്‍നിന്ന് മാംഗ്ളൂര്‍ ഗണേഷ് ബീഡി മുതലാളിമാര്‍ എത്തിച്ച ക്രിമിനലുകളെ സധൈര്യം ചെറുത്ത് പാര്‍ടിസഖാക്കള്‍ക്ക് ആത്മവീര്യം പകര്‍ന്ന പിണറായി തലശേരിയുടെ ഹൃദയം കീഴടക്കി. അടുത്ത വര്‍ഷം സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍. 28–ാം വയസ്സില്‍  ജില്ലാ സെക്രട്ടറിയറ്റില്‍. അതിനിടെ 1970ലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക്. അന്ന് 26 വയസ്. 1986–ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.

ഇന്നും കണ്ണൂരിന്റെ ഗ്രാമാന്തരങ്ങളില്‍ പിണറായിക്ക് ലഭിക്കുന്ന സ്നേഹാദരങ്ങളില്‍ തെളിയുന്നത് ജനമനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനമാണ്. ജന്മനാട് ഉള്‍പ്പെടുന്ന ധര്‍മടം മണ്ഡലത്തില്‍ 36,905 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് പിണറായി തെരഞ്ഞെടുക്കപ്പെട്ടത്.

Advertisements
Share news