നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലാണ് ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലും പിന്നീട് ബേബി ടവ്വലിലും പൊതിഞ്ഞ നിലയിലായിരുന്നു പെണ്‍കുഞ്ഞ്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാല്‍പത്തേഴ് വയസ്സുളള സുധാ വാസന്‍ ഉണര്‍ന്നത്. പുലര്‍ച്ച നാല് മണി സമയമായതിനാല്‍ താന്‍ നല്ല ഉറക്കത്തിലായിരുന്നു എന്ന് സുധ പറയുന്നു.
പൂച്ച കരയുന്നതാകുമെന്ന് കരുതി വീണ്ടും ഉറങ്ങാന്‍ കിടന്നു. എന്നാല്‍ വീണ്ടും കരച്ചില്‍ കേട്ടപ്പോഴാണ് മകനെയും കൂട്ടി പുറത്തിറങ്ങി നോക്കിയത്. വീടിന് മുന്നിലായി ബേബി ടവ്വലിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ഒരു പൊതിക്കെട്ട് കിടക്കുന്നതായി കണ്ടു. തുറന്നപ്പോള്‍ അതിനുള്ളില്‍ വീണ്ടും ഒരു പ്ലാസ്റ്റിക് ബാഗ്. അതിനുള്ളിലായിരുന്നു കുഞ്ഞിനെ ഭദ്രമായി പൊതിഞ്ഞ് ഉപേക്ഷിച്ചത്. അപ്പോള്‍ത്തന്നെ വീട്ടമ്മ അയല്‍വാസികളെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസാണ് ശിശുവിനെ ബംഗളൂരുവിലെ സിയോണ്‍ ആശുപത്രിയിലെത്തിച്ചത്.

ജനിച്ച് രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് ഡോക്ടേഴ്സ് പറയുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി പോലും മുറിച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, കുഞ്ഞിനെ വൃത്തിയാക്കിട്ടുമുണ്ടായിരുന്നില്ല. തണുത്തു വിറയ്ക്കുന്ന അവസ്ഥയിലായിരുന്ന ശിശുവിനെ സുധയാണ് ഒരു ടവ്വല്‍ കൊണ്ട് പൊതിഞ്ഞത്. നവജാത ശിശുക്കളെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍ സിയോണ്‍ ഹോസ്പിറ്റലില്‍ ഇല്ലാതിരുന്നതിനാല്‍ ഒാവം ഹോസ്പിറ്റലിലാണ് ഇപ്പോള്‍ കുഞ്ഞുള്ളത്. ശിശുവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല എന്ന് ഡോക്ടേഴ്സ് പറഞ്ഞു. നിംഹാന്‍സ് ഹോസ്പിറ്റലിന്റെ ശിശുവിഹാറിലേക്ക് കുഞ്ഞിനെ മാറ്റാനാണ് തീരുമാനം. ശിശുസംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

