നടിയെ ആക്രമിച്ച കേസ് ദൃശ്യങ്ങള്‍ നല്‍കാനാകില്ല: പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍, പ്രതിഭാഗത്തിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍. എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കില്‍ ദൃശ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാം. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പും മറ്റു രേഖകളും ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജികളിലാണ് പ്രോസിക്യൂഷന്‍ നിലപാട് ആവര്‍ത്തിച്ചത്.
ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയില്‍ തെളിയിക്കുന്നതിന് ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.

കേസില്‍ മാപ്പുസാക്ഷിയായ പൊലീസുദ്യോഗസ്ഥന്‍ അനീഷ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. അതില്‍ ഇയാള്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് മാത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതിഭാഗത്തിന് നല്‍കിയത്. കേസ് അനന്തമായി നീട്ടക്കൊണ്ടുപോകാനാകില്ലെന്നും എത്രയും പെട്ടന്ന് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് വിടണമെന്നും അങ്കമാലി കോടതി പറഞ്ഞു.

