ദേശീയപാതാ സ്ഥലമെടുപ്പ്: പുനരധിവാസ പാക്കേജ് നടപടികളിലേക്കെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ
കൊയിലാണ്ടി: ദേശീയപാത 6 വരിയായി വികസിപ്പിക്കുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്കും മറ്റ് അർഹരായവർക്കും നൽകുന്ന പുനരധിവാസ പുനസ്ഥാപന പാക്കേജിന്റെ ഭാഗമായി നൽകുന്ന തുകയെ സംബന്ധിച്ച താരതമ്യ റിപ്പോർട്ട് കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. കൊയിലാണ്ടിയിലെ വ്യാപാര സമൂഹവും മറ്റുള്ളവരും നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന ഈ കാര്യം. സഭയിൽ കെ. ജമീല എം.എൽ.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിൽ മാത്രം നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളും വീടുകളുമാണ് ഏറ്റെടുത്ത് വരുന്നത്. നിലവിലുള്ള ചില ടൗണുകളിൽ മുഴുവൻ കടമുറികളും ഏറ്റെടുക്കേണ്ടി വരുന്നതായുണ്ട്. കടമുറികൾ ഏറ്റെടുമ്പോൾ ഉടമയ്ക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകി വരുന്നത്. വ്യാപാരിക്കൊ, അവിടെ തൊഴിൽ ചെയ്യുന്നവർക്കൊ ഒന്നും ലഭിച്ചു വരുന്നില്ല. ഇവർക്ക് കൂടി പുനരധിവാസ പാക്കേജ് ആനുകൂല്യം നൽകുക എന്ന ആവശ്യമാണ് സഭയിലുന്നയിക്കപ്പെട്ടത്. വീട് ഒഴിഞ്ഞു പോകുന്ന വീട്ടുടമകൾക്കും ഉപജീവന ബത്ത അടക്കമുള്ള ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. കൊയിലാണ്ടി താലൂക്കിൽ ഇത്തരത്തിലുള്ള ആളുകളുടെ പട്ടികയും നഷ്ടപരിഹാര തുകയും ദേശീയപാതാ ജില്ലാ ലാന്റ് അക്വിസിഷൻ വിഭാഗം നേരത്തെ തയ്യാറാക്കിയിട്ടുണ്ട്.

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 8 വില്ലേജുകളിലും രാമനാട്ടുകര വില്ലേജിലുമായി 1630 കക്ഷികൾക്ക് 30 കോടി 18 ലക്ഷത്തി എഴുപത്തിമൂന്നായിരം രൂപ നഷ്ടപരിഹാരമായി ആവശ്യമാണെന്ന് കണക്കെടുത്തിട്ടുണ്ട്. ദേശീയപാതാ അതോറിറ്റി കണക്കാക്കുന്ന തുകയും സ്റ്റേറ്റ് റീഹാബിലിറ്റേഷൻ പോളിസി പ്രകാരം നിർണ്ണയിക്കുന്ന തുകയും തമ്മിലുള്ള അന്തരം പരിശോധിച്ച് താരതമ്യ സ്റ്റേറ്റ്മെന്റ് നൽകാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും. മറുപടി ലഭിച്ചാലുടൻ അധിക തുകയ്ക്കായി ദേശീയപാതാ അതോറിറ്റിയുമായി ബന്ധപ്പെടാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. .


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ഇരിങ്ങല്‍, പയ്യോളി, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, വിയ്യൂര്‍, പന്തലായനി, കോഴിക്കോട് താലൂക്കിലെ രാമനാട്ടുകര എന്നീ വില്ലേജുകളിലെ ദേശീയ പാത സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട ഭൂമിയിലു ണ്ടായിരുന്ന വാസ/വാണിജ്യ ചമയങ്ങളില്‍ താമസിക്കുകയോ ഉപജീവനം നടത്തുകയോ ചെയ്തുവന്നിരുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ വടകര താലൂക്കിലെ വടകര, അഴിയൂര്‍, ഒഞ്ചിയം, ചോറോട്, നടയ്ക്കുതാഴെ എന്നീ വില്ലേജുകളിലായി പുനരധിവാസ സഹായത്തിന് അര്‍ഹരായവര്‍ 1309 കക്ഷികളുണ്ടെന്നും അവര്‍ക്ക് ആശ്വാസ ധനസഹായമായി 20,86,43,000/- (ഇരുപതു കോടി എണ്‍പത്തിയാറ് ലക്ഷത്തി നാല്‍പ്പത്തിമൂവായിരം രൂപ) ആവശ്യമാണെന്നും കാണിച്ച് അര്‍ഹരായവരുടെ പട്ടികസഹിതം ജില്ലാ കളക്ടര്‍ 20/04/2021 എ 2-215/2021 നമ്പര്‍ കത്ത് പ്രകാരം പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്.

ആയതിനാല്‍ വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പുനരധിവാസം നല്‍കുന്നതുമായി ബന്ധപ്പെട്ട് LARR Act, 2013 ലെ ഷെഡ്യൂള്‍ രണ്ട് പ്രകാരം നല്‍കാവുന്ന തുകയും , സ്റ്റേറ്റ് റീഹാബിലിറ്റേഷന്‍ പാക്കേജ് ( 29/12/2017 ലെ ജി ഒ (എം എസ്)/448/2017/RD പ്രകാരം അധികമായി അനുവദിക്കേണ്ട തുകയും സംബന്ധിച്ച സ്റ്റേറ്റ്മെന്റെ് സമര്‍പ്പിക്കുവാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് 31/07/2021 തീയതിക്കുള്ളില്‍ സമര്‍പ്പിക്കുന്നതാണെന്നുള്ള വിവരം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് ലഭ്യമാക്കി സ്റ്റേറ്റ് റീഹാബിലിറ്റേഷന്‍ പാക്കേജ് പ്രകാരം (29/12/2017 ലെ ജി ഒ (എം എസ്) /448/2017/RD) അധികമായി അനുവദിക്കേണ്ട തുക നല്‍കുന്നതിന് ദേശീയ പാതാ അതോറിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

