തൊടുപുഴയില്‍ 7 വയസുകാരനെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസില്‍ അമ്മയും അറസ്റ്റില്‍

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദിച്ചു കൊന്ന കേസില്‍ അമ്മയും അറസ്റ്റില്‍. കുറ്റകൃത്യം മറച്ചു വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവ ചുമത്തിയാണ് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75 പ്രകാരം കേസെടുക്കാന്‍ നേരത്തെ ശിശുക്ഷേമ സമിതി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് ഉടുമ്ബും ചോലയിലെ വസതിയിലുണ്ടായിരുന്ന അമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അമ്മയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം, കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും പ്രതി വിധേയനാക്കിയിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളും പ്രതി അരുണ്‍ ആനന്ദിന് എതിരെ പോലീസ് ചുമത്തിയിരുന്നു.

അമ്മയുടെ ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിക്കുകയായിരുന്നു. കുട്ടിയുടെ നാലുവയസ്സുള്ള അനുജനെയും മാതാവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദ് ആക്രമിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴി കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി തീരുമാനമെടുത്തത്. അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പോലീസാണെന്നും കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതേസമയം, മരിച്ച ഏഴു വയസുകാരന്റെ അനിയനെ ഒരു മാസത്തേക്ക് അച്ഛന്റെ കുടുംബത്തിനൊപ്പം വിടാന്‍ ഉത്തരവായിരുന്നു. ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടിയുടെ പിതാവിന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം തീരുമാനം എടുത്തത്. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

