തൃശ്ശൂരില്‍ മോഷണത്തിനിടെ തമിഴ് നാട്ടുകാരി പിടിയില്‍

തൃശൂര്‍:ബസിലെ മോഷണത്തിനിടെ തമിഴ് യുവതിയെ ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്ബാലന്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര ജില്ലയിലെ മേലൂര്‍ സ്വദേശി ഭരതിന്റെ ഭാര്യ എസക്കി(32) എന്ന യുവതിയാണ് പിടിയിലായത്.
ഇന്നലെരാവിലെ തൃശൂരില്‍നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരിയായ വനിതയുടെ പഴ്‌സാണ് മോഷ്ടിക്കപ്പെട്ടത്. ഈ റൂട്ടിലെ സ്ഥിരംയാത്രക്കാരിയായ ഇവര്‍ പതിവായി യാത്രചെയ്തിരുന്ന ബസ് കിട്ടാതിരുന്നതിനാല്‍ പകരം കയറിയ ബസിലാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുള്ളതിനാല്‍ യുവതിക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചിരുന്നില്ല. ഇതും ബസിലെ തിരക്കും മുതലെടുത്താണ് ഇവരുടെ ഹാന്‍ഡ്ബാഗില്‍നിന്നും നാലായിരത്തോളം രൂപയും വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളുമടങ്ങിയ പഴ്‌സ് തമിഴ്‌സ്ത്രീ തന്ത്രപരമായി മോഷ്ടിച്ചത്.

ചാലക്കുടിയിലെത്തി ബസില്‍നിന്നുമിറങ്ങാന്‍നേരം ബാഗ് തുറന്നുകിടക്കുന്നത് കണ്ട യുവതി പരിശോധിച്ചപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടകാര്യം അറിഞ്ഞതും ഉടന്‍ സ്‌റ്റേഷനിലെത്തി പരാതി നല്കിയതും. ഉടന്‍ തന്നെ ചാലക്കുടി എസ്.എച്ച്.ഒ. ഇന്‍സ്‌പെക്ടര്‍ ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐയും സംഘവും ഇവരെ തിരഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് യുവതിയെപ്പറ്റി സൂചനനല്കി വിദ്യാര്‍ഥിനിയുടെ ഫോണ്‍വിളിയെത്തിയത്.

ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് മൂന്നു സംഘമായി തിരിഞ്ഞ് വിദ്യാര്‍ഥിനി നല്കിയ സൂചനപ്രകാരമുള്ള തമിഴ് സ്ത്രീയെ ചാലക്കുടിയിലും പരിസരത്തും ബസ് സ്റ്റാന്‍ഡുകളും ബസ് സ്‌റ്റോപ്പുകളും കേന്ദ്രീകരിച്ച് അരിച്ചുപെറുക്കി അന്വേഷിക്കുന്നതിനിടെ കൂടപ്പുഴ ഭാഗത്തെ ബസ് സ്‌റ്റോപ്പില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട തമിഴ്‌സ്ത്രീയെ ചോദ്യം ചെയ്തു. സ്‌റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലില്‍ ബസില്‍നിന്നും പഴ്‌സ് മോഷ്ടിച്ചതായി സമ്മതിച്ചു. വസ്ത്രത്തിനുള്ളിലൊളിപ്പിച്ച പഴ്‌സും പോലീസിലേല്‍പ്പിച്ചു.

