താമരശ്ശേരി ചുരത്തില്‍ പുതിയ ബൈപ്പാസ്: റവന്യു-വനം-പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പുതുപ്പാടി ഇരുപത്താറാം മൈലില്‍നിന്നാരംഭിച്ച് ഏഴാം വളവിലെത്തിച്ചേരുന്ന പുതിയ ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിന്റെ സാധ്യത റവന്യു-വനം-പൊതുമരാമത്ത് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു.
ഡിവിഷണല്‍ വനം ഓഫീസര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ഉണ്ണിക്കൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിനയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ദിഷ്ട റോഡ് കടന്നുപോകുന്ന സ്ഥലം പരിശോധിച്ചത്.

റോഡ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥര്‍ കര്‍മസമിതി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. റോഡിന് പത്ത് സെന്റില്‍ താഴെ മാത്രമേ വനഭൂമി ആവശ്യമായി വരികയുള്ളൂവെന്നാണ് വിലയിരുത്തല്‍. ഏഴാംവളവില്‍നിന്ന് ചുരത്തിനുമുകളിലേക്ക് നിലവിലുള്ള റോഡ് വീതികൂട്ടിയെടുത്തോ ടണല്‍റോഡ് നിര്‍മിച്ചോ സൗകര്യപ്പെടുത്താനാകും. പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് അനുമതി തേടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റോഡിന്റെയും പാലങ്ങളുടെയും നിര്‍മാണത്തിനുമുന്നോടിയായി പാരിസ്ഥിതിക പഠനം നടത്തും. ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റോഡിന്റെ വിശദ പരിശോധനയ്ക്കും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരും അറിയിച്ചു.

സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, കര്‍മസമിതി ചെയര്‍മാന്‍ ഗിരീഷ് ജോണ്‍, കണ്‍വീനര്‍ ഇ.കെ. വിജയന്‍, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് മാക്കണ്ടി, എം.ഇ. ജലീല്‍, ഐബി റെജി, ബ്ലോക്ക് പഞ്ചായത്തംഗം സോബി ജോസ്, പി.കെ. ഷൈജല്‍, പി.വി. മുരളീധരന്‍ തുടങ്ങിയവര്‍ ഉദ്യോഗസ്ഥരെ അനുഗമിച്ചു. ജോര്‍ജ് എം. തോമസ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതതലയോഗം ചേരുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു.
