KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകം; നാളെ രാജ്യവ്യാപക പ്രതിഷേധം

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്‌മക്കെതിരെ സംസാരിച്ചതിന്‌ ജാതിഭ്രാന്തന്മാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ അശോകിന്റെ (26) സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ആശുപത്രിയില്‍നിന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌, കേരള സംസ്ഥാന കമ്മിറ്റി ട്രഷറര്‍ എസ്‌ കെ സജീഷ്‌, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി എസ്‌ ബാലവേലന്‍, പ്രസിഡന്റ്‌ എന്‍ രജീഷ്‌ കുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ അശോകിന്റെ മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായാണ്‌ മൃതദേഹം വീട്ടിലേക്ക്‌ കൊണ്ടുപോയത്‌.

സംഭവത്തില്‍ ശനിയാഴ്‌ച ഡിവൈഎഫ്‌ഐ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ദേശീയ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ദലിത്‌ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച്‌ രാഷ്‌ട്രപതിക്കും മറ്റ്‌ ഭരണാധികാരികള്‍ക്കും പരാതി നല്‍കും. പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഗുരുതരമായ വീഴ്‌ച്ചയാണ്‌ ഉണ്ടായത്‌. കൊലയാളികളെ ഉടന്‍ പിടികൂടണം. അശോകിന്റെ പരാതിയില്‍ അന്വേഷണം നടത്താതെ അനാസ്ഥ കാണിച്ച പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദലിതര്‍ക്കെതിരെ നടത്തിയ ആക്രമണത്തിനും കേസ്‌ എടുക്കണം. ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

തച്ചനല്ലൂര്‍ ഗ്രാമത്തില്‍ മാത്രം 15 വര്‍ഷത്തിനുള്ളില്‍ പിന്നോക്ക ജാതിയിലെ ആറുപേരെയാണ‌് മേല്‍ജാതിക്കാര്‍ കൊന്നുതള്ളിയത‌്. ഇനിയൊരാള്‍പോലും ജാതിവെറിയാല്‍ കൊല്ലപ്പെടില്ലെന്ന‌് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും അശോകിന്റെ നിര്‍ധനകുടുംബത്തിന‌് 50 ലക്ഷംരൂപ ധനസഹായവും കുടുംബത്തില്‍ ഒരംഗത്തിന‌് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന‌് ഡിവൈഎഫ‌്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ‌് ആവശ്യപ്പെട്ടു.

Advertisements

ബുധനാഴ്ച രാത്രി 9.45ഓടെ ഏഴംഗസംഘം വെട്ടി കൊലപ്പെടുത്തിയത‌്. ഗംഗൈകൊണ്ടാന്‍ എടിസി ടയര്‍ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. രാത്രി ജോലിക്ക‌് പോകാന്‍ കരയിരുപ്പില്‍ ബസ‌് കാത്തുനില്‍ക്കെയാണ‌് ബൈക്കിലെത്തിയ കൊലയാളി സംഘം ആക്രമിച്ചത‌്. കൊടുവാളുകള്‍കൊണ്ട‌് കഴുത്തിനും താടിയിലും കൈയിലും തോളിലും വെട്ടിവീഴ‌്ത്തി. മരണം ഉറപ്പിക്കാന്‍ കരിങ്കല്ലുകൊണ്ട‌് തലയ‌്ക്കടിച്ചു. ബസിലെ യാത്രക്കാരാണ‌് പൊലീസില്‍ വിവരം അറിയിച്ചത‌്.

തിരുനെല്‍വേലി പ്രദേശത്ത‌് തുടര്‍ന്നുവരുന്ന ജാതിസംഘര്‍ഷങ്ങള്‍ക്കെതിരെ നിരന്തര സമരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണ‌് അശോക‌്. സിപിഐ എം നേതൃത്വം നല്‍കുന്ന തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

ഏപ്രില്‍ 28ന് ഉയര്‍ന്ന ജാതിക്കാരുടെ തെരുവില്‍ക്കൂടി അമ്മയ‌്ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ ഇരുവരെയും ആക്രമിച്ചു. സാരമായി പരിക്കേറ്റ അമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അന്ന‌് അക്രമത്തിന‌് നേതൃത്വം നല്‍കിയ മേല്‍ജാതിക്കാരനായ പേച്ചിരാജനെ പൊലീസ‌് പിടികൂടി. ജയില്‍മോചിതനായ പേച്ചിരാജ‌ന്റെ നേതൃത്വത്തിലാണ‌് കൊലയാളികള്‍ എത്തിയത‌്.

തുടക്കത്തില്‍ അക്രമികള്‍ക്ക‌് സഹായകമായ നിലപാടാണ‌് പൊലീസ‌് സ്വീകരിച്ചതെന്ന‌് സിപിഐ എം തിരുനെല്‍വേലി ജില്ലാ സെക്രട്ടറി കെ ജി ഭാസ്കരന്‍ പറഞ്ഞു. പേച്ചിരാജനടക്കം മറ്റ‌് നാലുപേരെയും അറസ‌്റ്റ‌് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന‌് പ്രഖ്യാപിച്ച ബന്ധുക്കളും സിപിഐ എം,- ഡിവൈഎഫ‌്‌ഐ പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ‌് റോഡും പിന്നീട‌് മധുര– തിരുനെല്‍വേലി ദേശീയപാതയും ഉപരോധിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണി സംസ്ഥാന സെക്രട്ടറി സാമുവല്‍രാജ‌്, ഡിവൈഎഫ‌്‌ഐ സംസ്ഥാന പ്രസിഡന്റ‌് എന്‍ രജീഷ‌് കുമാര്‍, സെക്രട്ടറി എസ‌് ബാലവേലന്‍ എന്നിവര്‍ പ്രതിഷേധത്തിന‌് നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *