ഡിഫ്തീരിയ തുടച്ചുനീക്കാന്‍ കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കോഴിക്കോട് > പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം ജില്ലയില്‍നിന്നും ഡിഫ്തീരിയ തുടച്ചുനീക്കാന്‍ കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ആഗസ്ത് 15നകം യുദ്ധകാലാടിസ്ഥാനത്തില്‍ കുത്തിവയ്പ് പ്രവര്‍ത്തനങ്ങളും പകര്ച്ചവ്യാധിനിര്മാര്ജന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം ജനപ്രതിനിധികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്കി.
മലമ്പനിയും ഡിഫ്തീരിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം വിളിച്ചത്.പഞ്ചായത്ത്–മുനിസിപ്പാലിറ്റി–കോര്പറേഷന് തലത്തില്‍ 20നകം ഡിഫ്തീരിയ നിര്‍മാര്‍ജനപ്രവര്‍ത്തന കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ഡിഫ്തീരിയ ഇതുവരെ ബാധിക്കാത്ത പഞ്ചായത്തുകളിലും ഇത് രൂപീകരിക്കും. മതവിഭാഗങ്ങളില്‍നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തും. ബ്ളോക്ക് പഞ്ചായത്തുകളില്‍ അലോപ്പതി–ഹോമിയോ–ആയുര്‍വേദ മേഖലയിലെ പ്രവര്‍ത്തകരുടെ യോഗം വിളിക്കും. സ്കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്ന് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്തി കുത്തിവയ്പിനുള്ള നടപടിഎടുക്കും. ഇതിന് ഡിഡിഇ ഓഫീസ് മുഖേന സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.

പ്രതിരോധ കുത്തിവയ്പുകളുടെ ക്ഷാമം പരിഹരിച്ചു തുടങ്ങിയതായി സംസ്ഥാന ഡിഫ്തീരിയ കണ്‍ട്രോളിങ് ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്താകെ ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായെങ്കിലും കോഴിക്കോട്, മലപ്പുറം ജില്ലകള്‍ താരതമ്യേന പുറകിലാണ്. അഞ്ചു വയസ്സുവരെയുള്ള ഏഴായിരത്തോളം കുട്ടികളാണ് കോഴിക്കോട് കുത്തിവയ്പ് എടുക്കാന്‍ ബാക്കിയുള്ളത്. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ 10 മുതല്‍ 16 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കണം. വാര്‍ഡ് തലത്തില്‍ ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി ചേര്‍ന്ന് രണ്ടാഴ്ച കൂടുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് 42 പേര്‍ക്കും കോഴിക്കോട്ട് 22 പേര്‍ക്കുമാണ് ഡിഫ്തീരിയ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും എല്ലാ ബുധനാഴ്ചകളിലും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പുകള്‍ സൌജന്യമായി നല്‍കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ നിര്‍ദിഷ്ട ദിവസങ്ങളില്‍ കുത്തിവയ്പുകളും നടത്തുന്നുണ്ട്. ഡിഫ്തീരിയ സ്ഥിരീകരിച്ചവരുടെ വീടിന് പരിസരത്ത് ആരോഗ്യ വകുപ്പ് സര്‍വേ ആരംഭിച്ചിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ഡി.എം.ഒ ഡോ. ആര് എല്‍ സരിത, ഡിഎംഒ(ഹോമിയോ) ഡോ. കവിതാ പുരുഷോത്തമന്, ഡിഎംഒ(ആയുര്‍വേദം) ഡോ. എസ് ജയശ്രീ, ഡോ. ബാബുരാജ്, ഡോ. പീയൂഷ് നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.

