‘ടീച്ചര്‍ അന്ന് പറഞ്ഞ വാക്ക് കരുത്തായി’; മന്ത്രിയുടെ സ്നേഹം ഓര്‍ത്തെടുത്ത് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

വടകര: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി കൈയ്യടി നേടുകയാണ് മന്ത്രി കെകെ ശൈലജ. മന്ത്രിയുടെ നടപടിയെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തുമ്ബോള്‍ സ്വന്തം അനുഭവം പങ്കുവയ്ക്കുകയാണ് നിപ്പ കാലത്ത് ജീവന് നഷ്ടപ്പെട്ട സിസ്റ്റര്‍ ലിനി പുതുശ്ശേരിയുടെ ഭര്‍ത്താവ്.
ഒരു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനാണ് സമൂഹമാധ്യമത്തിലൂടെ യുവാവറിയിച്ച കമന്റിനെ തുടര്‍ന്ന് മന്ത്രി ചികിത്സ ഉറപ്പുവരുത്തിയത്. കക്ഷിഭേദമില്ലാതെ സോഷ്യല്‍ മീഡിയ ഒന്നടങ്കം മന്ത്രിയെ അഭിനന്ദിക്കുമ്ബോള്‍ സ്നേഹപൂര്‍വ്വം ടീച്ചറെ ഓര്‍ക്കുകയാണ് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍. ഫേസ്ബുക്കിലൂടെയാണ് സജീഷ് തന്റെ അനുഭവം പങ്കുവെച്ചത്. “ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്”- ടീച്ചറിന്റെ സ്നേഹവും കരുതലുമാണ് അന്ന് കരുത്തായത് സജീഷ് കുറിച്ചു.

സജീഷ് പുതൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പാട് ഇഷ്ടം❤️ K K Shailaja Teacher
ടീച്ചര്‍ അമ്മ….

നമ്മള് ചിന്തിക്കുന്നതിനു മുന്‍പെ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്.
നിപ കാലത്ത് റിതുലിനും സിദ്ധാര്‍ത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങള്‍ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോള്‍ ടീച്ചറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസോലോഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്ബോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കള്‍ക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാര്‍ത്ത ആയിരുന്നു. ഈ ഒരു അവസരത്തില്‍ മക്കള്‍ക്ക് പനി മാറിയതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചര്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും മറക്കില്ല
ടീച്ചറുടെ വാക്കുകള്‍ ” മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവര്‍ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്സര്‍വേഷന്‍ കഴിഞ്ഞെ വിടാന്‍ കഴിയു. ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്”
ടീച്ചറുടെ ഈ സ്നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങള്‍ക്ക് കരുത്ത് ആയി നിന്നത്.
ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്.
