KOYILANDY DIARY.COM

The Perfect News Portal

ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍ • പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂക്കിലും ചുണ്ടുകളിലും മുഖത്തുമാണ് മുറിവുകള്‍. മരണത്തിന് മുന്‍പാണ് ഈ മുറിവുകള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മേല്‍ചുണ്ടിലും കീഴ്ചുണ്ടിലും മുഖത്തുമുള്ള മുറിവുകള്‍ ആഴത്തില്‍ ഉള്ളതല്ല. അതിനാല്‍ തന്നെ ഇവയല്ല മരണകാരണം. പക്ഷേ, ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്ന കാര്യം വ്യക്തമല്ല. ജിഷ്ണു തൂങ്ങിമരിച്ചതെന്നും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണു ശാരീരിക പീഡനത്തിന് ഇരയായി എന്ന ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Advertisements

എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ജിഷ്ണു എഴുതിയ അവസാന പരീക്ഷ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികളില്‍നിന്നു രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ മുതല്‍ സംഘത്തിലെ പലരും കോള‍ജിലും ഹോസ്റ്റലിലുമായി ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു.

ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയതു കോളജ് അധികൃതരുടെ പീഡനം മൂലമാണെന്നാരോപിച്ചു വിവിധ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജിഷ്ണുവിന്റെ സുഹൃത്തുക്കളും ഈ ആരോപണം ഉന്നയിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *