കോട്ടയ്ക്കല്‍ ഇരട്ട കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

മലപ്പുറം: കോട്ടയ്ക്കല്‍ ഇരട്ട കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് 10 പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ 11 പേര് കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും ഏഴാം പ്രതി അമേരിയില്‍ മുഹമ്മദ് ഹാജി വിചാരണയ്ക്കിടെ മരിച്ചു.
2008 ഓഗസ്റ്റ് 29ന് ആലിക്കല്‍ സ്വദേശികളായ അബ്ദു, അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്. ആലിക്കല്‍ ജുമാമസ്ജിദിന്റെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

പള്ളിയില്‍ മാരകായുധങ്ങളുമായെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അബ്ദുവും അബൂബക്കറും കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

അമരിയില്‍ അബു സുഫ് യാന്‍(57), പള്ളിപ്രം യൂസഫ് ഹാജി(60), പള്ളിപ്രം മുഹമ്മദ് നവാസ്(36), പള്ളിപ്രം ഇബ്രാഹിം കുട്ടി(44), പള്ളിപ്രം മുജീബ് റഹ്മാന്(35), തയ്യില്‍ സെയ്ദലവി(67) പള്ളിപ്രം അബ്ദുഹാജി (60), തയ്യില്‍ മൊയ്തീന്‍കുട്ടി (65), പള്ളിപ്രം അബ്ദുള്‍ റഷീദ് (46), അമരിയില്‍ ബീരാന് (70) എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

