കൊല്ലം ടൗൺഷിപ്പിന്റെ സ്ഥലം കൊതുക് വളർത്തുകേന്ദ്രമാകുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൊല്ലം ടൗൺഷിപ്പിനായി ഏറ്റെടുത്ത സ്ഥലം കൊതുക് വളർത്തുകേന്ദ്രമായി മാറിയത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാവുന്നു. നെല്ല്യാടി റോഡിനരികെയുള്ള 40 സെന്റ് സ്ഥലത്താണ് നഗരസഭ ടൗൺഷിപ്പ് സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്ത് രജിസ്റ്റർ ചെയ്തത്.
നെല്ല്യാടി റോഡിലെ രണ്ട് കച്ചവടക്കാരെ ഒഴിപ്പിച്ചാണ് സ്ഥലം നഗരസഭ ഏറ്റെടുത്തത്. ഏറ്റെടുത്തിട്ട് മാസങ്ങളായെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ശക്തമായ മഴ തുടങ്ങിയതോടെ അഴുക്ക് വെള്ള സംഭരണിയായും, കൊതുക് വളർത്തു കേന്ദ്രമായി മാറിയതായും വ്യാപാരികൾ പറയുന്നു. രൂക്ഷമായ ദുർഗന്ധവും സമീപവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്.

ശക്തമായ മഴ പെയ്താൽ ഇവിടെ നിന്നും മലിനജലം നെല്ല്യാടി റോഡിലെ കടകൾക്കുള്ളിലെത്തുന്നത് വ്യാപാരികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കൊതുകുശല്യം രൂക്ഷമാണ് ഇതിനൊടകം നാലോളം വ്യാപാരികൾക്ക് ഡങ്കിപ്പനി ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വ്യാപാരികളുടെ ആവശ്യപ്പെടുന്നു.

