KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മനുഷ്യച്ചങ്ങല മനുഷ്യ മതിലായി

കൊയിലാണ്ടി : നോട്ട് നിരോധനത്തിനെതിരെ എൽ.ഡി.എഫ്. ഇന്ന് സംസ്ഥാനത്ത് നടത്തിയ മനുഷ്യച്ചങ്ങല തീർത്തപ്പോൾ കൊയിലാണ്ടിയിൽ മനുഷ്യ മതിലായി മാറി. ഉച്ച കഴിഞ്ഞ് 3.30 പിന്നിട്ടപ്പോഴേക്കും നാടിന്റെ നാനാ ഭാഗത്തിനിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃന്ദം ജനങ്ങളും കൊയിലാണ്ടി ദേശീയപാതയിലെ പഠിഞ്ഞാറ് ഭാഗത്ത് ആവേശത്തോടെ വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അവശതകൾ മറന്ന് പ്രായംചെന്നവരുടെ വരവ് മറ്റുള്ളവർക്ക് ആവേശമാകുകയായിരുന്നു. അത്തരക്കാർക്ക് എത്തിച്ചേരാൻ ഇടതുമുന്നണിയുടെ പ്രവർത്തകർ വാഹനം ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.

താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളും ഈ പ്രതിഷേധത്തിൽ പങ്കാളികളായി. നോട്ട് നിരോധിച്ച് സാധാരണക്കാരനെ പെരുവഴിയിലാക്കിയ നരേന്ദ്രമോദി സർക്കാരിനോടുള്ള ജനരോഷം എത്രയാണെന്ന് മനുഷ്യച്ചങ്ങലയിലെ ജനപങ്കാളിത്തം തെളിയിക്കുന്നുണ്ട്. അതാത് പ്രദേശങ്ങളിൽ ഇടതുമുന്നണി നടത്തിയ ചിട്ടയായ പ്രവർത്തനവും സി.പി. ഐ. (എം) ന്റെ സംഘടനാ സംവിധാനവും മനുഷ്യച്ചങ്ങലയെ ജനവിരുദ്ധ സർക്കാരിനുള്ള കനത്ത താക്കീതാക്കി മാറ്റി. ഈ സമരം നാടിനു വേണ്ടിയുള്ള സമരമാണെന്ന ബോധ്യത്തോടെ കക്ഷിരാഷ്ട്രീയം മറന്ന് മനുഷ്യച്ചങ്ങലയിൽ നിരവധിപേർ പങ്കാളികളായി കൊയിലാണ്ടി പട്ടണത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങൾ തോളോടുതോൾ ചേർന്ന് കൈ ഉയർത്തിപ്പിടിച്ചാണ് പ്രതിജ്ഞ ഏറ്റുചൊല്ലിയത്.

ജോലി നഷ്ടപ്പെട്ട് ഏറെ കഷ്ടതകൾ അനുഭവിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കുടുംബസമേതം കുട്ടികളെയും കൈയിലേന്തി ചങ്ങലയിൽ അണിനിരന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിന് മുമ്പിൽ ഇടതുമുന്നണിയുടെ പ്രധാന നേതാക്കൾ കൈകോർത്തു. സി. പി. ഐ. (എം) ജില്ലാ നേതാക്കളായ മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം എം. മെഹബൂബ്, എം. എൽ. എ. കെ. ദാസൻ, സി.പി.ഐ നേതാക്കളായ എം. നാരായണൻ മാസ്റ്റർ, ഇ. കെ. അജിത്ത്, കായലാട്ട് ഗിരിജ, എൻ.സി.പി. നേതാവ് കെ. ടി. എം. കോയ, ജനതാദൾ നേതാവ് എം. പി. സുരേഷ്, ടി. ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *