കൂടത്തായി കേസ്: പൊന്നാമറ്റം വീടും പരിസരവും ഡ്രോൺ സംവിധാനമുപയോഗിച്ച് ക്യാമറയിൽ പകർത്തി പോലീസ്
കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊല കേസ്സിന്റെ കുറ്റമറ്റ കേസന്വേഷണത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പൊന്നാമറ്റം വീടും പരിസരവും പൂർണ്ണമായും ക്യാമറയിൽ പകർത്തി. ഡ്രോൺ സംവിധാനമുപയോഗിച്ചാണ് പകർത്തിയത്. കേരളത്തിൽ ആദ്യമായാണ് കേസന്വേഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ കുറ്റമറ്റ രീതിയിൽ പടങ്ങൾ ക്യാമറയിൽ പകർത്തുന്നത്.
റൂറൽ എസ്.പി.കെ.ജി. സൈമണിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രങ്ങൾ പകർത്തിയത്. പൊന്നാമറ്റം വീട്, കൂടത്തായ് ടൗൺ, പൊന്നാമറ്റത്ത് നിന്ന് മാത്യു മഞ്ചാടിയുടെ വീട് തുടങ്ങി കേസിലുൾപ്പെട്ട മുഴുവൻ പ്രദേശങ്ങളുമാണ് വിശദമായി ആകാശ ദൃശ്യങ്ങൾ പകർത്തിയത്. കൃത്യമായ ലോക്കേഷൻ മാപ്പ് കിട്ടാനാണ് ഇത്തരത്തിൽ വിദഗ്ദ്ദമായ നീക്കം പോലീസ് നടത്തിയത്.

കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസ്, എസ്.ഐ. പി.പി. മോഹനകൃഷ്ണൻ സി.പി.ഒ. സിഞ്ചുദാസ്, കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫർ ബൈജു എം പീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച ചിത്രങ്ങൾ പകർത്തിയത്. ജോളിയടക്കമുള്ള പ്രതികൾക്കായി അഡ്വ ആളൂർ വാദത്തിനായി എത്തുന്നതിനെ തുടർന്നാണ് പോലീസ് കേസ് കുറ്റമറ്റതാക്കാൻ ആധുനിക സംവിധാനങ്ങളിലെക്ക് നീങ്ങുന്നത്. കോടതിയിൽ വീഡിയോ ജഡ്ജിക്ക് നേരിട്ട് കാണാനാവും, സ്ഥലം കാണാനും, ലൊക്കേഷൻ മാപ്പിനും പ്രത്യേകം കമ്മീഷനെ കോടതിക്ക് വെക്കേണ്ടി വരില്ല.






